AI generated image

ഭക്ഷണത്തില്‍ ഉപ്പ് കൂടിയതിനെത്തുടര‍ന്നുണ്ടായ തര്‍ക്കത്തില്‍ അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ നാഗ്ദ ധക് ഗ്രാമത്തിലാണ് സംഭവം. 25കാരിയായ ബ്രജ്ബാല ആണ് കൊല്ലപ്പെട്ടത്.

ബ്രജ്ബാലയും ഭർത്താവ് രാമുവും തമ്മില്‍  ഭക്ഷണത്തെച്ചൊല്ലിയുണ്ടായ  ചെറിയ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഭര്‍ത്താവായ രാമു ബ്രജ്ബാലയെ അടിക്കാന്‍ തുടങ്ങുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്‍റെ മുകളില്‍ നിന്നും താഴേക്ക് വീണു. ഗുരുതരമായി പരുക്കേറ്റ യുവതിയെ കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, നില ഗുരുതരമായതിനാൽ അലിഗഡ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ചികിത്സയ്ക്കിടെ വ്യാഴാഴ്ച ബ്രജ്ബാല മരിക്കുകയായിരുന്നു.

ഇതിനിടെ രാമുവിന് സഹോദര ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരൻ രംഗത്തെത്തി. ഇതിന്‍റെ പേരില്‍ ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായും സഹോദരന്‍ ആരോപിച്ചു. സംഭവത്തിന് ശേഷം രാമു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രാത്രിതന്നെ ഗ്രാമത്തിന് പുറത്തുള്ള ഒരു വീട്ടിൽ നിന്ന് ഗ്രാമവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് രാജേഷ് ഭാരതി പറഞ്ഞു. രാമുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Following a dispute over excess salt in the food, a husband beat his five-month pregnant wife to death. The incident took place in Nagd Dhak village in the Kasganj district of Uttar Pradesh. The deceased has been identified as 25-year-old Brajbala