ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്ത് ഉടമയറിയാതെ പണയംവെച്ചുള്ള തട്ടിപ്പില്‍ കൊച്ചിയില്‍ മാത്രം ഇരകളായത് മുന്നൂറിലേറെപ്പേര്‍. വാഴക്കാലയില്‍ വാടകയ്ക്ക് താമസിക്കുന്ന മിന്‍റുവും വനിത സുഹൃത്തും ചേര്‍ന്ന് തട്ടിയത് കോടികളാണ്. ഒരു ഫ്ലാറ്റ് തന്നെ പരസ്പരം അറിയാതെ പലര്‍ക്കായി പണയംവെച്ചായിരുന്നു തട്ടിപ്പ്.
കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബൽ വില്ലേജ് അപ്പാർട്മെന്റിലെ ഫ്ലാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാൻ പണം നൽകി തട്ടിപ്പിനിരയായവരുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസിന്‍റെ അന്വേഷണം. ആറരലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് പണയത്തിനെടുത്ത വ്യക്തി താമസിക്കാൻ എത്തിയപ്പോഴാണ് ഇതേ ഫ്ലാറ്റില്‍ താമസിക്കാന്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ എത്തുന്നത്. ഇതേ ഫ്ലാറ്റ് കാട്ടി ആ രണ്ട് പേരില്‍ നിന്ന് വാങ്ങിയത് എട്ട് ലക്ഷം വീതം. മൂന്ന് പേര്‍ക്കും പണം നഷ്ടമായെന്ന് മാത്രമല്ല ഫ്ലാറ്റ് പണയത്തിനും ലഭിച്ചില്ല. വാഴക്കാലയില്‍ താമസിക്കുന്ന മിന്‍റുവും വനിത സുഹൃത്തും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. മിന്‍റു പിടിയിലായെങ്കിലും വനിത സുഹൃത്തിനായി അന്വേഷണം തുടരുകയാണ്.
തൃക്കാക്കര പൊലീസ് മൂന്നു കേസുകളും ഇൻഫോപാർക്ക് പൊലീ സ് രണ്ടു കേസുകളും റജിസ്റ്റർ ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് കാക്കനാട്ടെ വിവിധ പ്രദേശങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയത്. ചിലയിടങ്ങളിൽ പണയത്തിനെടുത്തവർക്കു ഫ്ലാറ്റ് താമസത്തിനായി കൈമാറിയിരുന്നു. കരാർ കാലാവധി കഴിയുമ്പോൾ കൂടുതൽ തുകയ്ക്കു പുതിയ ആവശ്യക്കാരെ കണ്ടെത്തും. ആദ്യം താമസിച്ചിരുന്നവർക്കു പണയത്തുകയുടെ ഒരു വിഹിതം മാത്രം നൽകുകയും ബാക്കി പിന്നീടു നൽകാമെന്ന് പറഞ്ഞ് ഒഴിപ്പിക്കുകയുമാണ് പതിവ്. പിന്നീട് ഈ പണം നൽകാതെ ഒഴിഞ്ഞു മാറും. മുങ്ങി നടന്ന പ്രതിയെ തൃക്കാക്കര സിഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.