Image Credit: Instagram

TOPICS COVERED

ലോകവ്യാപക വേരുകളുള്ള ലഹരിശ്യംഖലയുടെ കണ്ണികളായ മലയാളി ദമ്പതികള്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍. ഓസ്ട്രേലിയയിലേക്ക് ലഹരി കടത്തിയ കേസില്‍ ഇടുക്കി പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. കെറ്റമെലോണ്‍ ലഹരിശൃംഖല ഉടമ എഡിസന്‍ ബാബുവുമായി ചേര്‍ന്നായിരുന്നു സഹപാഠികൂടിയായ ഡിയോളിന്‍റെ ലഹരിയിടപാടുകള്‍.

ആഗോള ലഹരിമരുന്ന് ശൃംഖലകള്‍ കേന്ദ്രീകരിച്ചുള്ള എന്‍സിബിയുടെ അന്വേഷണത്തിലാണ് മലയാളി ബന്ധം ഒന്നിന് പുറകെ ഒന്നായി പുറത്തുവരുന്നത്. 2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോര്‍ട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.  2019 മുതല്‍ ഡിയോള്‍ വിദേശത്തേക്ക് കെറ്റമീന്‍ അയച്ചിരുന്നുവെന്നാണ് എന്‍സിബി കണ്ടെത്തിയത്. റേപ്പ് ഡ്രഗ് എന്നാണിത് അറിയപ്പെടുന്നത്.

കെറ്റമെലോണ്‍ ഡാര്‍ക് വെബ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവുമായി ചേര്‍ന്നായിരുന്നു ഇടപാടുകള്‍. എഡിസനും ഡിയോളും ഡാര്‍ക്നെറ്റ് ലഹരിശൃംഖല കേസില്‍ പിടിയിലായ അരുണ്‍ തോമസും സഹപാഠികളാണ്. ആ കൂട്ടുകെട്ട് ലഹരിയിടപാടുകളിലും തുടര്‍ന്നു. യുകെയില്‍ നിന്ന് കെറ്റമീന്‍ എത്തിച്ച ശേഷമായിരുന്നു ഓസ്ട്രേലിയലേക്കുള്ള കടത്തെന്നാണ് എന്‍സിബി നല്‍കുന്ന വിവരം. 

2023ലാണ് ഇടുക്കി പാഞ്ചാലിമേട്ടില്‍ ഡിയോളും അഞ്ജുവും ചേര്‍ന്ന് റിസോര്‍ട്ട് തുടങ്ങിയത്. അതേസമയം, കെറ്റമെലോണ്‍ ഡാര്‍ക് നെറ്റ് ലഹരി ശൃംഖലയുമായി ദമ്പതികള്‍ക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക ലഭിക്കുന്ന വിവരം. എഡിസന്‍ ബാബുവിന്‍റെ കൂടുതല്‍ ലഹരിയിടപാടുകളിലേക്കും എന്‍സിബി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ലഹരിയിടപാടുകളിലൂടെ സമ്പാദിച്ച കോടികള്‍ എഡിസന്‍ പൂഴ്ത്തിയതായും എന്‍സിബി സംശയിക്കുന്നു. എഡിസനെയും കൂട്ടരെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാന്‍ ഓസ്ട്രേലിയയിലും അമേരിക്കയിലുമടക്കം എന്‍സിബി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. നാല് ഭൂഖണ്ഡങ്ങളില്‍ പത്തിലേറെ രാജ്യങ്ങളില്‍ എഡിസന്‍ ബാബു കണ്ണിയായ ആഗോള ലഹരിമരുന്ന് ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ENGLISH SUMMARY:

A Malayali couple, Deol and Anju, owners of Sarnaset Valley Resort in Idukki's Panchalimedu, have been arrested by the Narcotics Control Bureau (NCB) for their alleged involvement in a global drug trafficking network, specifically smuggling Ketamelone to Australia.