മോഷ്ടിച്ച ബൈക്കില്‍ സുഹൃത്തുമൊത്ത് കാമുകിയെക്കാണാന്‍ വരികയായിരുന്ന യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം നെല്ലിമല പുതുപ്പറമ്പില്‍ അജ്മല്‍ ഷാജഹാന്‍ സുഹൃത്ത് പാറക്കല്‍ മുക്കാലി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എറണാകുളത്തെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ഇരുവരുംചേര്‍ന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെനിന്ന് അജ്മല്‍ ഷാജഹാന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാന്‍ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ മുന്നില്‍പ്പെട്ടത്.
പൊലീസിനെ കണ്ടതോടെ ഇരുവരും പരുങ്ങി. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റുകളാകട്ടെ ഊരിമാറ്റിയ നിലയും. എസ്‌ഐ അയ്യപ്പനും, സിപിഒ രഘുവിനും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ചോദ്യംചെയ്യുകയായിരുന്നു .ഇതിനിടെ പ്രതികള്‍ ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ആ നീക്കം പൊളിച്ചു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാല്‍, അജ്മലിനെക്കൊണ്ടുതന്നെ പൊലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്.