തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടി. വാഹനാപകട കേസിന്‍റെ പകര്‍പ്പ് നല്‍കാന്‍ വക്കീല്‍ ഗുമസ്തനോട് രണ്ടായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
തമിഴ്നാട്ടുകാരന്‍ വണ്ടിയിടിച്ച് പരുക്കേറ്റതിന് തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ വാഹനാപകട കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എം.എ.സി.ടി. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ടും ഫയല്‍ ചെയ്തു. ഈ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പുണ്ടെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് തുക കിട്ടൂ. ഈ റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ രണ്ടായിരം രൂപ കൈക്കൂലിയായി നല്‍കണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സജീഷ് ആവശ്യപ്പെട്ടു. വക്കീല്‍ ഗുമസ്തന്‍ വിജിലിന്‍സിന്‍റെ തലപ്പത്തു പരാതിയും നല്‍കി. എറണാകുളത്തെ വിജിലന്‍സ് ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി ഗുമസ്തനൊപ്പം ഒല്ലൂര്‍ സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു. കൈക്കൂലി വാങ്ങിയ ഉടനെ വിജിലന്‍സ് കയ്യോടെ അറസ്റ്റ് ചെയ്തു.
തൃശൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥരെ പിന്നാലെ വിളിച്ചുവരുത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി കേസുകള്‍ പിടിച്ച് പെരുമ നേടിയ യൂണിറ്റാണ് തൃശൂര്‍ വിജിലന്‍സിന്‍റേത്. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസില്‍ പിടിക്കുമ്പോള്‍ ആഘോഷമായി മാധ്യമങ്ങളെ വിളിച്ചുവരുത്തുന്ന തൃശൂര്‍ വിജിലന്‍സ് ഇക്കുറി മൗനം പാലിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങള്‍ വരാതിരിക്കാന്‍ ആവുന്നത്ര ആശയക്കുഴപ്പവുമുണ്ടാക്കി. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി വന്നപ്പോള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനെ മാസ്ക്ക് ധരിപ്പിച്ചു. ഇതിനു പുറമെ മറ്റൊരു ഉദ്യോഗസ്ഥനും മാസ്ക് ധരിച്ച് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.