മലപ്പുറം നിലമ്പൂരിലെ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. ഹിമവൽ ഭദ്രാനന്ദ സ്വാമിക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി 23 കാരൻ അജയ്കുമാറാണ് മരിച്ചത്. പേരാമ്പ്ര ചക്കിട്ടപ്പാറ പിള്ളപെരുവണ്ണ വലിയവളപ്പില്‍ അജയ്കുമാറാണ് കഴിഞ്ഞ മാസം 22 ന് പുലര്‍ച്ചെ രണ്ടിന് നിലമ്പൂരിലെ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണു മരിച്ചത്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂരിലുണ്ടായിരുന്ന ഹിമവല്‍ ഭദ്രാനന്ദക്കൊപ്പമാണ് അജയ് കുമാര്‍ നിലമ്പൂരില്‍ താമസിച്ചിരുന്നത്. പതിനൊന്ന് ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് അജയ് കുമാറിന്റെ പിതാവ് എന്‍. ദിനേശന്‍, മാതാവ് ഷീബ, സഹോദരന്‍ അര്‍ജുന്‍, മാതൃസഹോദരി ഷൈബ എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും എത്തി നിലമ്പൂര്‍ പൊലീസിൽ പരാതി നൽകി.
മകന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളും ഉത്തരവാദികളെയും കണ്ടെത്തി നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. മൈസൂരുവില്‍ ബിബിഎ കോഴ്സ് പൂര്‍ത്തിയാക്കിയ അജയ് കുമാര്‍ സപ്ളിമെന്ററി പരീക്ഷ എഴുതാനാണ് കഴിഞ്ഞ മാസം 13 ന് മൈസൂരുവിലേക്ക് പോയത്. സുഹൃത്തുക്കളുമൊത്ത് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഹിമവല്‍ ഭദ്രാനന്ദയെ കാണാന്‍ പോയിരുന്നു. ശേഷം ഹിമവൽ ഭദ്രാനന്ദക്കൊപ്പം നിലമ്പൂരിലെത്തി ഹോട്ടല്‍മുറിയില്‍ താമസിക്കുകയായിരുന്നു. അജയ് കുമാറിന് താമസിക്കാന്‍ മറ്റൊരു മുറി എടുത്തു നല്‍കിയിരുന്നെങ്കിലും സ്വാമിയുടെ നാലാം നിലയിലെ മുറിയില്‍ നിന്ന് താഴേക്ക് വീണതെന്നാണ് പൊലിസ് പറയുന്നത്.
സംഭവത്തിന് ശേഷം പൊലീസ് വിവരം അറിയിക്കുമ്പോഴാണ് വിവരമറിഞ്ഞതെന്നാണ് ഹിമവൽ ഭദ്രാനന്ദയുടെ മൊഴി. അജയ് കുമാറിനെ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹിമവൽ ഭദ്രാനന്ദയുടെ നിയന്ത്രണത്തിൽ 18 നും 22 നും ഇടയില്‍ പ്രായമുള്ള നൂറിലധികം പേരുള്ള ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നു അജയ് കുമാര്‍. നാലു ദിവസം മാത്രം പരിചയമുള്ള സ്വാമിയുടെ കൂടെ എന്തിനാണ് യുവാവിനെ താമസിപ്പിച്ചതെന്ന ചോദ്യം രക്ഷിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. രാസലഹരിക്കതെിരെ ഹിമവൽ ഭദ്രാനന്ദ ഒരു കാംപയിന്‍ നടത്തുന്നുണ്ടെന്നും അത് കഴിഞ്ഞ് നാട്ടിലേക്ക് വരുമെന്നുമാണ് രക്ഷിതാക്കളോട് അജയ് ഫോണില്‍ പറഞ്ഞിരുന്നത്. 21 ന് രാത്രി ഒമ്പതേകാലിന് വരെ വീട്ടിലേക്ക് വിളിച്ചിരുന്നതായും അപ്പോൾ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു