TOPICS COVERED

കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത് .അങ്ങയറ്റം മൃഗീയമായ രീതിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് അതിജീവിത പൊലീസിന് നല്‍കിയ മൊഴികളില്‍ നിന്ന് വ്യക്തം. കുട്ടിയെ ഏഴുമണിക്കൂറോളം ഗാര്‍ഡ് റൂമില്‍ പൂട്ടിയിട്ടാണ് പീഡനത്തിനിരയാക്കിയത്. ഇപ്പോഴിതാ  വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാർഥികൾക്കിടയിൽ പേടിസ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. 'മാംഗോ മിശ്ര' എന്ന പേരിൽ അറിയപ്പെട്ട മനോജിത്തിന്റെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകൾ പോലും ഒഴിവാക്കിയിരുന്നു. പലരും പാതിവഴിയിൽ പഠനം നിർത്തുകയും ചെയ്തു.

കോളജിൽനിന്ന് പഠിച്ചിറങ്ങിയ ശേഷം കരാർ ജീവനക്കാരനായി തിരിച്ചെത്തിയ പൂർവ്വ വിദ്യാർത്ഥിയായ മനോജിത്തിനെ വിദ്യാർത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. 'കാമ്പസിൽ ഭീകരമായ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അയാൾ പെൺകുട്ടികളുടെ ഫോട്ടോകൾ എടുക്കുകയും അവ മോർഫ് ചെയ്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അയാൾ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഭയം കാരണം വിദ്യാർത്ഥികൾ ക്ലാസുകളിൽ പോകാൻ പോലും ഭയന്നിരുന്നു.' കോളേജിലെ ഒരു വിദ്യാർഥിനി പറഞ്ഞു. 

'മനോജിത്ത് ഉപദ്രവിക്കാത്ത ഒരു പെൺകുട്ടിയും കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ല. ധാരാളം പരാതികളുണ്ടായിരുന്നു. മാതാപിതാക്കൾ പോലും അയാളെ ഉപേക്ഷിച്ചതാണ്.' അവർ പറഞ്ഞു. മനോജിത്തിന്റെ പിതാവ് കാളിഘട്ട് ക്ഷേത്രത്തിലെ പൂജാരിയാണ്.

നാലുപേരെയാണ് ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാമ്പസിലെ മൂന്ന് സ്ഥലങ്ങളിൽനിന്ന് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു. എ.സി.പി. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.  മുഖ്യപ്രതി മനോജിത് മിശ്രയെയടക്കം പൊലീസ് ചോദ്യംചെയ്യുകയാണ്.

ENGLISH SUMMARY:

Shocking details continue to emerge daily concerning the brutal gang-rape of a law student in Kolkata. The survivor's statements to the police reveal the extreme brutality of the assault, with the student held captive and raped for seven hours in a guard room. Disturbingly, it has now come to light that Manojit Mishra, the main accused in the case, was a notorious figure among students, known by the nickname "Mango Mishra." He was reportedly a nightmare for many, with female students even avoiding classes and some dropping out entirely to evade him.