താമരശേരിയില്‍ വാടക സ്റ്റോറില്‍ നിന്ന് ബിരിയാണി ചെമ്പും, ഉരുളിയും വാടകയ്ക്കെടുത്ത് ആക്രി കടയില്‍ മറിച്ചുവിറ്റതായി പരാതി. താമരശേരി ഒ.കെ സൗണ്ട്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് യുവാവ് സാധനങ്ങള്‍ വാടകയ്ക്കെടുത്ത് മറിച്ച് വിറ്റത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ താമരശേരി പരപ്പന്‍പ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന ഒ.കെ സൗണ്ട്സ് എന്ന വാടക സ്റ്റോറിലെത്തിയ യുവാവ് കല്യാണ ആവശ്യത്തിനായി ബിരിയാണ് ചെമ്പ് രണ്ട് ഉരുളി എന്നിവ വാടകയ്ക്കെടുത്തു കൊണ്ടുപോയി. തിങ്കളാഴ്ച സാധനങ്ങള്‍ തിരികെ എത്തിക്കാതെ വന്നതോടെ കടയില്‍ നല്‍കിയ നമ്പറില്‍ വിളിച്ചു ഫോണ്‍ സ്വിച്ച് ഓഫ് അഡ്രസ് തപ്പിയപ്പോള്‍ അതും വ്യാജം. സാധനങ്ങള്‍ കൊണ്ടുപോകാനായി വിളിച്ച ഓട്ടോ ഡ്രൈവറില്‍ നിന്ന് സാധനങ്ങള്‍ പൂനൂരിലെ ആക്രികടയ്ക്ക് സമീപമാണ് ഇറക്കിയതെന്ന് അറിയുന്നത്.
വീടിനടുത്തേക്ക് വാഹനം പോകില്ലെന്ന് വഴിയില്‍ ഇറക്കാനും യുവാവ് ആവശ്യപ്പെടുകയായിരുന്നു. ആക്രികടയില്‍ തപ്പിയപ്പോള്‍ ചെമ്പും ,ഉരുളിയും അവിടെയുണ്ട്. വാടകയ്ക്കെടുത്ത സാധനങ്ങളാണെന്ന് മനസ്സിലാകാതിരിക്കാന്‍ ചട്ടുകം കോരി തുടങ്ങിയ സാധനങ്ങള്‍ ആക്രികടയില്‍ നല്‍കിയിരുന്നില്ല.മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം കടയുടമ പൊലീസില്‍ പരാതി നല്‍കി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.