തമിഴ്നാട്ടില്‍ വീണ്ടും സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ. തിരുവള്ളൂരില്‍ 24കാരിയായ ലോകേശ്വരിയാണ് ആത്മഹത്യ ചെയ്തത്. നാല് ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ പേരിലാണ് ലോകേശ്വരിയെ ഭര്‍ത്താവിന്‍റെ കുടുംബം പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നാലുദിവസം മുന്‍പാണ് 27കാരിയായ ലോകേശ്വരിയും 37കാരനായ പനീറും വിവാഹതിരായത്. ഇയാള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പത്തുവന്‍ സ്വര്‍ണമാണ് പനീറിന്‍റെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ 5 പവന്‍ നല്‍കാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോള്‍ അംഗീകരിച്ചു.
പക്ഷേ ലോകേശ്വരിയുടെ കുടംബത്തിന് 4 പവന്‍ സ്വര്‍ണമാണ് നല്‍കാന്‍ കഴിഞ്ഞത്. ഒരു ബൈക്കും ഇവര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ഒരു പവന്‍ സ്വര്‍ണവും എസിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്‍റെ കുടുംബം യുവതിയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്‍റെ അമ്മയും സഹോദരന്‍റെ ഭാര്യയും ചേര്‍ന്ന് വീട്ടുജോലികള്‍ മുഴുവനും യുവതിയെ കൊണ്ട് ചെയ്യിപ്പിച്ചുവെന്നും സോഫയില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപിക്കുന്നു.
മൂത്തമരുമകള്‍ക്ക് 12 പവന്‍ സ്വര്‍ണം ലഭിച്ചിരുന്നുവെന്ന് പറഞ്ഞും ലോകേശ്വരിയെ സമ്മര്‍ദത്തിലാക്കി. കഴിഞ്ഞ ദിവസം യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെ ശുചിമുറിയില്‍ വച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുളിക്കാനായി പോയ ലോകേശ്വരി ഏറെ നേരംകഴിഞ്ഞും തിരിച്ചുവരാതായതോടെ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുപ്പൂരില്‍ കഴിഞ്ഞ ഞായറാഴ്ച സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഈ ആത്മഹത്യ.