‘കെറ്റാമെലോൺ’ എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് എന്‍സിബി. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി എഡിസനെ കൊച്ചി എന്‍സിബി യൂണിറ്റ് അറസ്റ്റ് ചെയ്തു. 35 ലക്ഷത്തിന്‍റെ രാസലഹരിക്ക് പുറമെ ലഹരിയിടപാടിലൂടെ സമ്പാദിച്ച എഴുപത് ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറന്‍സിയുടെ വിവരങ്ങളും കണ്ടെത്തി.
ഓപ്പറേഷന്‍ 'മെലണ്‍'എന്ന പേരിലായിരുന്നു കൊച്ചി എന്‍സിബി യൂണിറ്റിന്‍റെ സുപ്രധാന നീക്കം. ഒരു വര്‍ഷത്തിലേറെ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് രാജ്യത്തെ ഏറ്റവും വലിയ ലഹരി ശൃംഖലയെ എന്‍സിബി തകര്‍ത്തത്. കേരളത്തിലേക്കെത്തുന്ന പോസ്റ്റല്‍ പാഴ്സലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കഴിഞ്ഞ മാസം 28ന് കൊച്ചിയിലെത്തിയത് മൂന്ന് തപാല്‍ പാഴ്സലുകള്‍. 280 എല്‍എസ്ഡി സ്റ്റാംപുകളാണ് ഈ പാഴ്സലുകളിലുണ്ടായിരുന്നത്.
പാഴ്സല്‍ വാങ്ങാനായി എത്തിയ എഡിസനെ കാത്തു നിന്ന എന്‍സിബി ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എൽഎസ്‌ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന്പുറമെ ഡാര്‍ക്നെറ്റ് മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച ഒഎസ് അടങ്ങിയ പെൻ ഡ്രൈവ്, ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡ്രൈവുകളും വീട്ടില്‍ നിന്ന് കണ്ടെത്തി.
രാസലഹരിയിടപാടുകാരുടെ കൂടാരമെന്ന് വിശേഷിപ്പിക്കാവുന്ന ഡാര്‍ക്ക് നെറ്റില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എല്‍എസ്ഡി, കെറ്റമീന്‍ വിതരണക്കാരനാണ് കെറ്റാമെലോണ്‍ എന്നറിയപ്പെടുന്ന എഡിസന്‍. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയിലെ എല്‍എസ്ഡി സ്റ്റാംപുകളുടെ രാജാവ്. വില്‍കുന്ന ലഹരിമരുന്നിന്‍റെ ഗുണവും ഇടപാടിലെ വിശ്വാസ്യതയും കണക്കിലെടുത്ത് ഡാര്‍ക്നെറ്റില്‍ ലഹരിവിതരണകാര്‍ക്ക് റേറ്റിങ്ങുണ്ട്. ഇതില്‍ ലെവല്‍ ഫോര്‍ റേറ്റിങാണ് കെറ്റമെലോണിനുള്ളത്. ഇന്ത്യയില്‍ ലെവല്‍ 4 റേറ്റിങ്ങുള്ള മറ്റൊരു ലഹരിയിപാടുകാരനുമില്ല. പതിനാല് മാസത്തിനിടെ രാജ്യത്തിന് അകത്തും പുറത്തുമുള്ള അറുനൂറിലേറെ പേര്‍ക്കാണ് എഡിസന്‍ ലഹരിമരുന്ന് അയച്ചു നല്‍കിയത്.
ബെംഗളൂര്‍, ചെന്നൈ, ഭോപ്പാല്‍, പട്ന,, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എഡിസന്‍റെ ലഹരിയെത്തി. കുപ്രസദ്ധിയാര്‍ജിച്ച ഡോക്ടര്‍ സ്യൂയസെന്ന ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പന ശൃംഖലയുടെ കണ്ണിയാണ് പിടിയിലായ എഡിസന്‍. ഡോക്ടര്‍ സ്യൂയിസില്‍ നിന്ന് ലഹരിവാങ്ങി വിതരണം ചെയ്യുന്ന യുകെ ആസ്ഥാനമായ വെണ്ടര്‍ ഗുംഗ ദിനില്‍ നിന്നാണ്എഡിസന്‍ ലഹരിമരുന്ന് വാങ്ങിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ എഡിസനെ റിമാന്‍ഡ് ചെയ്തു.