കൊച്ചിയില്‍ ബാറില്‍വച്ച് യുവാവിനെ വൈൻ ഗ്ലാസുകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച് യുവതി. ഡി.ജെ പാർട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയായിരുന്നു ആക്രമണം. പരുക്കേറ്റ യുവാവ് ചികിത്സയ്ക്കു ശേഷം ആശുപത്രിവിട്ടു. തൊടുപുഴ മങ്ങാട്ടുകവല സ്വദേശിയായ യുവാവ് ബാറില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് അതിക്രമമെന്നാണ് സൂചന. ഉദയംപേരൂര്‍ സ്വദേശിയായ യുവതിയാണ് യുവാവിനെ കുത്തിയത്. സംഭവസമയത്ത് ചില സിനിമാതാരങ്ങളും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം.
രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ യുവതി കയ്യിലുണ്ടായിരുന്ന വൈന്‍ ഗ്ലാസ് ഉപയോഗിച്ച് യുവാവിന്‍റെ ചെവിക്ക് താഴെയായി അടിക്കുകയായിരുന്നു. ആദ്യം ആര്‍ക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. ഇന്ന് രാവിലെയാണ് പരാതി ഉയര്‍ന്നത്. ലൈംഗിക അതിക്രമം കാട്ടിയതിനാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ പരാതിയിൽ ആക്രമിക്കപ്പെട്ട യുവാവിനെതിരെയും പൊലീസ് കേസെടുക്കും. ബാറിലെ സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും രാത്രി തടിച്ചുകൂടി. നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടർന്നു കതൃക്കടവ് –തമ്മനം റോഡിൽ ഗതാഗത തടസ്സമുണ്ടായി.
കതൃക്കടവില്‍ ഒരു വര്‍ഷം മുന്‍പ് വെടിവയ്പു നടന്ന ബാറിലാണ് സംഭവം. 2024 ഫെബ്രുവരിയിലായിരുന്നു ഇത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടർന്നു നഗരത്തിലെ ബാർ ഹോട്ടലുകൾ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കാനായി കർശന നിർദേശം നൽകിയിരുന്നു.