ശിവഗംഗയില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ചു. ബി.അജിത് കുമാറാണ് മരിച്ചത്. യുവതിയുടെ കാറില്‍ നിന്ന് 9 പവന്‍ സ്വര്‍ണം മോഷണം പോയെന്ന കേസിലാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. തിരുപ്പുവനത്തിനടുത്തെ മദപുരം ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് അജിത് കുമാര്‍. വെള്ളിയാഴ്ച നികിതയെന്ന യുവതിയും അമ്മയും ക്ഷേത്രദര്‍ശനത്തിനെത്തി. നികിതയുടെ അമ്മയ്ക്ക് വീല്‍ചെയര്‍ വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അജിത് വീല്‍ചെയര്‍ നല്‍കി. നികിതയുടെ നിര്‍ദേശമനുസരിച്ച് ഇവരുടെ കാര്‍ പാര്‍ക്ക് ചെയ്യുകയും ചെയ്തു.
ദര്‍ശനം കഴിഞ്ഞെത്തിയ നികിത കാറിലുണ്ടായിരുന്ന വസ്ത്രങ്ങളും പഴ്സും ചിതറിക്കിടക്കുന്നതായി കണ്ടു. വസ്ത്രങ്ങള്‍ക്കിടയില്‍ പഴ്സിലായി വച്ച 9 പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. അജിത്തിനോട് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഇതോടെ തിരുപ്പവനം പൊലീസില്‍ ഇവര്‍ വിവരമറിയിച്ചു. പൊലീസ് ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. എന്നാല്‍ ഇന്നലെ വീണ്ടും ഇയാളെ ചോദ്യം ചെയ്യലിനായി കൂട്ടിക്കൊണ്ടുപോയി.
ചോദ്യം ചെയ്യലിനിടെ ഇയാള്‍ ബോധരഹിതനായി വീഴുകയും മധുരയിലെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിമരണമെന്ന് ആരോപിച്ച് അജിത്തിന്‍റെ ബന്ധുക്കള്‍ സ്റ്റേഷനില്‍ പ്രതിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.