കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ലോ കോളജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റില്‍. പീഡനത്തിന് ഇയാള്‍ ഒത്താശ ചെയ്തെന്ന് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ സുരക്ഷാ ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്യുമ്പോള്‍ ഇയാള്‍ മുറിക്ക് കാവല്‍നിന്നുവെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ലോ കോളജ് മുന്‍ വിദ്യാര്‍ഥിയും നിലവില്‍ പ്രാക്ടീസ് ചെയ്യുന്ന ക്രിമിനല്‍ അഭിഭാഷകനുമായ മനോജിത് മിശ്രയാണ്. ഇയാളെയും പിടിയിലായ മറ്റ് രണ്ട് വിദ്യാര്‍ഥികളെയും പൊലീസ് വിശദമായി ചോദ്യംചെയ്യുന്നു.
വൈദ്യപരിശോധനയില്‍ കൂട്ടബലാല്‍സംഗം തെളിഞ്ഞിട്ടുണ്ട്. വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. അതിനിടെ, മുഖ്യപ്രതിയുടെ തൃണമൂല്‍ ബന്ധമാരോപിച്ച് സംസ്ഥാന വ്യാപകമായി ബിജെപിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കൂട്ടബലാല്‍സംഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം വിവാദമായി. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാല്‍സംഗം ചെയ്താല്‍ പൊലീസിന് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് തൃണമൂല്‍ നേതാവിന്‍റെ വിവാദ പരാമര്‍ശം.