കൊല്ലം പത്തനാപുരം പുന്നലയിൽ കനാലിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. കണ്ണങ്കര വീട്ടിൽ അനിരുദ്ധനാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തിൽ അനുജൻ ജയൻ പോലീസ് കസ്റ്റഡിൽ.
ഇന്ന് മൂന്നുമണിയോടെയാണ് അനിരുദ്ധന്‍റെ മൃതദേഹം ചെറിയ കനാൽ പാലത്തിന് അടിയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. നാട്ടുകാർ പത്തനാപുരം പോലീസിൽ വിവരമറിയിച്ചു.
പത്തനാപുരം എസ്.എച്ച്.ഒ ബിജുവിന്‍റെ നേതൃത്വത്തിൽ മൃതദേഹം മുകളിലെത്തിച്ചു. സംഭവത്തിൽ അനിരുദ്ധന്‍റെ അനുജൻ കുചേലൻ എന്ന് വിളിക്കുന്ന ജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. അനിരുദ്ധനും ജയനും മദ്യലഹരിയിലായിരുന്നു. കനാലിന് മുകളിൽ വെച്ച് ഇരുവരും തമ്മിൽ അടിപിടിയുണ്ടായതായി പറയപ്പെടുന്നു. അതിനിടെ ജയൻ ജേഷ്ഠനെ കനാലിലേക്ക് തള്ളിയിട്ടെന്നാണ് സംശയം. മൃതദേഹം പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റബർ ടാപ്പിങ്ങ് തൊഴിലാളിയാണ് മരിച്ച അനിരുദ്ധൻ. ജയനെ വിശദമായി ചോദ്യം ചെയ്താലേ കൊലപാതകം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് പറഞ്ഞു. പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.