പ്രതീകാത്മക ചിത്രം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തുക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എട്ടാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ് സംഭവം.
പിടിയിലായ ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു. ഇവര്‍ പിന്നീട് സുഹൃത്തുക്കളായി. ഈ ആണ്‍കുട്ടി വഴി മറ്റ് മൂന്നുപേരുമായും പെണ്‍കുട്ടി സൗഹൃദത്തിലായി. ഒരു മാസം മുന്‍പ് കൂട്ടത്തില്‍ ഒരാണ്കുട്ടിയുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു ഇത്. അന്ന് ഇരുവരും തമ്മില്‍ ശാരീരിക അടുപ്പമുണ്ടായി. ഇതിനുശേഷമാണ് മറ്റ് മൂന്ന് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു. പിന്നാലെയാണ് കേസ് ഫയല്‍ ചെയ്തത്. ആണ്‍കുട്ടികള്‍ തന്നെ ഹോട്ടലിലേക്ക് നിര്‍ബന്ധിച്ച് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. കോട്വലിയില് വച്ചായിരുന്നു ഇതെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.