TOPICS COVERED

കോഴിക്കോട് പേരാമ്പ്രയിൽ ആയുര്‍വേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശ്യാസ പ്രവർത്തനം നടത്തിയ എട്ട് പേർ പിടിയിൽ. നാല് സ്ത്രീകളും രണ്ട് യുവാക്കളടക്കം 8 പേരാണ് അറസ്റ്റിലായത്.

പേരാമ്പ്രയിലെ ആയുഷ് സ്പാ എന്ന പേരിൽ പ്രവർത്തിക്കുന്ന മസാജ് കേന്ദ്രത്തിന്റെ മറവിലായിരുന്നു അനാശാസ്യ പ്രവർത്തനം.നേരത്തേ തന്നെ സ്ഥാപനത്തിനെതിരെ പരാതികളുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസ്  റെയ്ഡ് നടത്തിയത്‌. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിന്റേതാണ് സ്ഥാപനം. മറ്റു ജില്ലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ചെമ്പനോട സ്വദേശി ആന്റോയാണ് നടത്തിപ്പുകാരൻ. ആയിരം രൂപയിൽ തുടങ്ങി മസാജിന്റെ രീതി മാറ്റത്തിനനുസരിച്ച് വിവിധ റേറ്റുകൾ വാങ്ങിയാണ് നടത്തിപ്പ്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയത്.