ജയ് ശ്രീറാം വിളിക്കാത്തതിനു ബെംഗളുരുവില്‍ ഒരുസംഘം ക്രൂരമായി മര്‍ദ്ദിച്ചെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആരോപണം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഹെബ്ബാളിനു സമീപം ഞായറാഴ്ചയാണു സംഭവം. എന്നാല്‍ ക്രൂരമര്‍ദ്ദനമുണ്ടായെന്നും ജയ് ശ്രീറാം വിളിക്കാത്തതിനാണു മര്‍ദ്ദനമെന്നത് ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കി
ഞയറാഴ്ച വൈകീട്ടാണു സംഭവം. ഓട്ടോഡ്രൈവര്‍ വസീം അഹമ്മദും കൂട്ടുകാരും ഹെബ്ബാളിനു സമീപം വിശ്രമിക്കുകയായിരുന്നു. ഈ സമയം മദ്യപിച്ചെത്തിയ സംഘം ഇവരെ തടഞ്ഞു. ജയ് ശ്രീറാം വിളിക്കാനുള്ള ആവശ്യം നിരസിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണു പരാതി. അടിയേറ്റു മുഖത്തു നിന്നും വായില്‍ നിന്നും രക്തമൊലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സമ്പിഗെഹള്ളി പൊലീസ് തിരച്ചില്‍ തുടങ്ങി. എന്നാല്‍ ദൃസാക്ഷികളാരും അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടതു കേട്ടിട്ടില്ലെന്നും ഇക്കാര്യം ഉറപ്പിക്കുന്നതിനായി കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കി.
വസീം ആരോപണത്തില്‍ ഉറച്ചു നിന്നതോടെ ഭരതീയ ന്യായ സംഹിതയിലെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. ബെംഗളുരു നഗരത്തില്‍ ഹിന്ദുത്വ ആക്രമണമെന്ന രീതിയില്‍ വാര്‍ത്ത പരന്നതു സിദ്ധരാമയ്യ സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.