കണ്ണൂര്‍ പയ്യന്നൂരില്‍ വീടുകളില്‍ മോഷണം. സൈക്കിളിലെത്തിയ കള്ളന് കൊണ്ടുപോയത് തേങ്ങയും, മൊബൈല്‍ഫോണും കുടയും. മോഷ്ടാവിനെ കിട്ടിയില്ലെങ്കിലും കള്ളനെത്തിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. തേങ്ങയ്ക്കിപ്പോള്‍ നല്ല വിലയാണ്. കിട്ടിയപ്പോള്‍ കള്ളന് ആവശ്യത്തിനെടുത്തു. കാവായി വാടിപ്പുറത്ത് സി.വി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് തേങ്ങ പൊതിച്ച് കള്ളന് കൊണ്ടുപോയത്. അടുക്കള ഭാഗത്ത് കൂട്ടിയിട്ടതില്‍ നിന്ന് 160 എണ്ണം മോഷണം പോയി.
വാടിപ്പുറത്തു തന്നെ മിന്നാരന് ചന്ദ്രന്റെ വീട്ടില്‍ നിന്ന് കൊണ്ടുപോയത് രണ്ട് മൊബൈല്‍ ഫോണുകള്‍. ചന്ദ്രന്റെയും മകന്റെയും ഫോണുകളാണ് കവര്‍ന്നത്. തേങ്ങയിലും മൊബൈലിലും തീര്‍ന്നില്ല. അടുത്തുള്ള കുഞ്ഞമ്പുവിന്റെ വീടിന് പുറത്തുവെച്ച കുടയും കള്ളന് എടുത്തു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. സൈക്കിളിലെത്തിയാണ് മോഷണമെല്ലാം നടത്തിയത്. ഈ സൈക്കിള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ഇത് കസ്റ്റഡിയിലെടുത്തു. കള്ളന് ഇപ്പോഴും കാണാമറയത്താണ്.