മൂവാറ്റുപുഴ കല്ലൂർക്കാട് എസ് ഐയെ വാഹന പരിശോധനയ്ക്കിടെ കാർ ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. ഒളിവിലായിരുന്ന തൊടുപുഴ സ്വദേശി ആസിഫ് നിസാറാണ് പിടിയിലായത്. ഇയാളെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു.
വാഹന പരിശോധനയ്ക്കിടെ കല്ലൂർക്കാട് എസ് ഐ ഇ എം മുഹമ്മദിനെ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൾ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഒന്നാം പ്രതി മുഹമ്മദ് ഷെരീഫ് കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. ഒരാഴ്ചയായി ഒളിവിലായിരുന്ന രണ്ടാംപ്രതി ആസിഫിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ലഹരിക്കടിമയായ ഇയാൾക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഒന്നാംപ്രതി മുഹമ്മദ് ഷെരീഫിനെ അഞ്ചുദിവസമായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്കെതിരെ തൊടുപുഴ, ഈരാറ്റുപേട്ട, വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. കേസുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർന്നെന്ന കാരണത്താൽ അന്വേഷണ ഉദ്യോഗസ്ഥനായ കല്ലൂർക്കാട് ഇൻസ്പെക്ടറിൽ നിന്ന് കേസന്വേഷണം കുന്നത്തുനാട് ഇൻസ്പെക്ടർക്ക് കൈമാറി. രണ്ടാംപ്രതി ആസിഫിനെ നാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും