വിഡിയോ കോള്‍ ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൂടപ്പിറപ്പിനെ താന്‍ അടിച്ച് കൊന്നതെന്ന് മണ്ണന്തലയിലെ ഷംഷാദ്. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം മണ്ണന്തലയിലെ ഹോം സ്റ്റേയില്‍ വച്ച് പോത്തന്‍കോട് സ്വദേശിയായ ഷെഹീന കൊല്ലപ്പെട്ടത്. ഷെഹീനയുടെ പല്ലിന്‍റെ ചികില്‍സയ്ക്കായാണ് ഇവര്‍ മണ്ണന്തലയിലെ ഹോംസ്റ്റേയില്‍ മുറിയെടുത്തത്. ഷെഹീനയുടെ ദേഹമാസകലം കൊടിയ മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഉച്ചയ്ക്ക് മുന്‍പായി ഷംഷാദ് സഹോദരിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പിതാവ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ബോധരഹിതയായി മകള്‍ കിടക്കുന്നത് കണ്ടത്.
ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഷംഷാദ് അനുവദിച്ചില്ല. മദ്യലഹരിയിലായിരുന്നു ഷംഷാദിനെ പൊലീസെത്തിയാണ് കീഴ്പ്പെടുത്തിയതും ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റിയതും. അതേസമയം, ഷെഹീനയെ കൊലപ്പെടുത്തിയ ശേഷമാണ് ഷംഷാദ് തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിശാഖിന്‍റെ മൊഴി. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇരുവരും പരസ്പര വിരുദ്ധമായ മൊഴിയാണ് തുടക്കത്തില്‍ പൊലീസിന് നല്‍കിയത്.
കൊല്ലപ്പെട്ട ഷെഫീനയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഫ്ലാറ്റില്‍ വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഷെഹീനയ്ക്ക് ചികില്‍സ നടക്കുന്നതിനാല്‍ ഈ മാസം 24–ാം തീയതി വരെ ഫ്ലാറ്റില്‍ താമസമുണ്ടാകുമെന്ന് ഷംഷാദ് അറിയിച്ചിരുന്നുവെന്ന് ഫ്ലാറ്റുടമ പൊലീസിന് മൊഴി നല്‍കി.