കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് വീണ്ടും അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ്(29) ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതി പരാതി പറഞ്ഞതോടെ തൃശൂര്‍ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന ദിവസം തന്നെ യുവതി തൃശ്ശൂർ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
മുന്‍പും കെഎസ്ആര്‍ടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തി സവാദ് പിടിയിലായിരുന്നു.. 2023-ല്‍ നെടുമ്പാശ്ശേരിയില്‍ ബസില്‍വെച്ചായിരുന്നു യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. ഇതോടെ യുവതി ബഹളം വച്ചു, കണ്ടക്ടറെ അറിയിച്ചു. തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കണ്ടക്ടറുടെ സഹായത്തോടെയാണ് സവാദിനെ പിടികൂടുന്നത്. പിന്നീട് പുറത്തിറങ്ങിയ സവാദിനെ പുരുഷസംഘമെന്ന പേരില്‍ മാലിയിട്ട് സ്വീകരിച്ചതും നേരത്തെ വിവാദമായിരുന്നു.