ബന്ധുവായ യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി അസഭ്യം പറയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. പത്തനംതിട്ട നന്നുവക്കാട് സ്വദേശി വിഘ്നേഷാണ് അറസ്റ്റിലായത്. ആയുധം കൈവശം ഉണ്ടായിരുന്നതിനാല്‍ ആയുധനിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതാദ്യമായല്ല വിഘ്നേഷ് വീടുകളില്‍ കയറി ആക്രമണം നടത്തുന്നത്. ഇതിനുമുന്‍പും ഇതേ ബന്ധുവിന്റെ വീട്ടിൽ യുവാവ് ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നല്‍കിയതിലുള്ള വിരോധമാകാം വീണ്ടും ആക്രമിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു എയർ പിസ്റ്റളും ഒരു റൈഫിളും പിടിച്ചെടുത്തു.
വിഘ്നേഷ് മുൻപ് ആപ്പിൾ ഫോൺ കമ്പനിയിൽ ജോലി ചെയ്തിരുന്നതായും, എന്നാൽ സ്വഭാവദൂഷ്യം കാരണം ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.