TOPICS COVERED

പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ. ഇടുക്കി പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദരാജിനെയാണ് പൊലീസ് പിടികൂടിയത്. അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

പിതാവ് കറുപ്പയ്യയെ പത്ത് വർഷം മുമ്പാണ് ആനന്ദ് രാജ് തലക്കടിച്ച് കൊലപ്പെടുത്തിയത്.ഈ കേസിൽ ജയിലിലായ പ്രതിക്ക് തൊടുപുഴ കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. ഇടയ്ക്കിടെ കേരളത്തിലെത്തി കുറ്റകൃത്യം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. അഞ്ച് മാസം മുമ്പ് പാറത്തോട് സ്വദേശി ഈശ്വരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉടുമ്പൻചോല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് മധുരയിൽ നിന്നും പ്രതി പിടിയിലായത്. 2018 ൽ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. നെടുങ്കണ്ടം, ശാന്തൻപാറ, ഉടുമ്പൻചോല, രാജാക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.  

പാറത്തോട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പ്രതിയുടെ വീടിന് സമീപത്ത് നിന്നും അയൽവാസിയെ കുത്താനുപയോഗിച്ച  കത്തി കണ്ടെത്തി. പ്രതിയെ നാളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും.

ENGLISH SUMMARY:

Anand Raj, a native of Shinkarikandam in Parathode, Idukki, who had been absconding for 10 years after securing bail in a case for murdering his father by striking his head, has been arrested. He was caught during an investigation into a separate case where he allegedly attempted to stab a neighbor.