വയനാട് നമ്പ്യാര്‍കുന്നിലെ വീട്ടമ്മയുടെ മരണം കൊലപാതമെന്ന് സ്ഥിരീകരണം. ഭാര്യ എലിസബത്തിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് ഭര്‍ത്താവ് തോമസ് വര്‍ഗീസ് പൊലീസിനോട് സമ്മതിച്ചു. സാമ്പത്തിക തര്‍ക്കങ്ങളാണ് പ്രകോപനം.
തിങ്കളാഴ്ച രാവിലെയാണ് 51 വയസുള്ള എലിസബത്തിനെ നമ്പ്യാര്‍കുന്നിലെ വീട്ടില്‍ മരിച്ച നിലയിലും ഭര്‍ത്താവ് തോമസിനെ കൈ ഞെരമ്പ് മുറിച്ച് അവശ നിലയിലും കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ തോമസിനെ ചോദ്യം ചെയ്തതോടെ ആണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. താന്‍ ഭാര്യയെ തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ബ്ലേഡ് കൊണ്ട് കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സാമ്പത്തിക ബാധ്യതയെ ചൊല്ലിയുള്ള ഭാര്യയുടെ കുറ്റപ്പെടുത്തല്‍ താങ്ങാനായില്ല. ടൗണില്‍ ബേക്കറി നടത്തിയിരുന്ന തോമസിന് എട്ട് ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. സ്വകാര്യ ചിട്ടി വിളിച്ചതും കൈവായ്പ വാങ്ങിയതും എല്ലാം ചേര്‍ത്താണ് ഈ കടം. ഇതേ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ ആണ് കൃത്യത്തിന് മുതിര്‍ന്നതെന്ന് തോമസ് പൊലീസിനോട് സമ്മതിച്ചു. തോമസിന്‍റെ അറസ്റ്റ് നൂല്‍പ്പുഴ പൊലീസ് രേഖപ്പെടുത്തി.=