us-targets-fordo-nuclear-site-iran-israel-tensions-escalate

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആറാം ദിവസവും രൂക്ഷമായി തുടരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചപ്പോൾ, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.

ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ട്രംപ് നൽകിയത്. "ചിലപ്പോൾ ആക്രമിച്ചേക്കാം, ചിലപ്പോൾ ആക്രമിക്കില്ല," എന്ന് അദ്ദേഹം പറഞ്ഞു. "ഇറാൻ 40 വർഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു," എന്നും ട്രംപ് ആരോപിച്ചു. ആണവകരാറിൽ എത്തിയിരുന്നെങ്കിൽ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആർക്കുമുന്നിലും കീഴടങ്ങില്ല’; ട്രംപിന് ഖമനയിയുടെ മറുപടി

യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിരുപാധികം കീഴടങ്ങണമെന്ന അന്ത്യശാസനം തള്ളിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രംഗത്തെത്തി. ഇറാൻ ജനത ആർക്കുമുന്നിലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ഖമനയി, ആക്രമിച്ചാൽ യു.എസിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലിനൊപ്പം സൈനിക നടപടികളിൽ പങ്കാളിയായാൽ അത് പരിഹരിക്കാനാകാത്ത നാശത്തിലേക്ക് നയിക്കുമെന്നും ഖമനയി പറഞ്ഞു. രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച ഇസ്രയേലിനോട് ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമനയിയുടെ ഒളിയിടം അറിയാമെന്നും തൽക്കാലം വധിക്കില്ലെന്നുമുള്ള ട്രംപിന്റെ ഭീഷണിക്കുള്ള മറുപടി കൂടിയായിരുന്നു ഇത്.

റഷ്യ മധ്യസ്ഥതയ്ക്ക്; യുദ്ധസജ്ജീകരണങ്ങൾ വർധിപ്പിച്ച് യു.എസ്

ഇസ്രയേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. യു.എ.ഇ. പ്രസിഡന്‍റുമായി ഫോണിൽ ചർച്ച നടത്തിയ പുടിൻ, സംഘർഷം വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കുന്ന ഫർദോ ആണവകേന്ദ്രമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മധ്യപൂർവേഷ്യയിലെ സൈനിക താവളങ്ങളിലേക്ക് പോർവിമാനങ്ങളടക്കം യു.എസ്. കൂടുതൽ സന്നാഹങ്ങളെത്തിച്ചു.

തുടരുന്ന ആക്രമണങ്ങൾ; നാശനഷ്ടങ്ങൾ

ടെഹ്റാനിലെ ആണവകേന്ദ്രങ്ങൾ വീണ്ടും ആക്രമിച്ചെന്നും 40 മിസൈൽ കേന്ദ്രങ്ങൾ തകർത്തെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ടെൽ അവീൽ സൈനിക കേന്ദ്രം തകർത്തതായി ഇറാൻ സേന അറിയിച്ചു. 61 ഇസ്രയേലി ഡ്രോണുകളും നിരവധി മിസൈലുകളും തകർത്തെന്നും ഇറാൻ സൈന്യം അവകാശപ്പെട്ടു. റഹോവോട്ടിലെ ഇസ്രയേൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് തകർത്ത ദൃശ്യങ്ങൾ ഇറാൻ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.

ഇതിനിടെ, ഇന്ത്യയടക്കം 30 രാജ്യങ്ങളിലെ അംബാസഡർമാരെ ഇറാൻ ആക്രമിച്ച ബാറ്റ് യാമിലെ ജനവാസകേന്ദ്രത്തിലെത്തിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം കാര്യങ്ങൾ വിശദീകരിച്ചു. ചൈന 800 പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചു. യു.എസിന്‍റെയും ഇറാന്റെയും ഉന്നത ഉദ്യോഗസ്ഥരെ ചർച്ചയിലേക്കെത്തിക്കാൻ ഖത്തറും ഒമാനും ശ്രമം തുടരുകയാണ്.

ENGLISH SUMMARY:

The Iran-Israel conflict has intensified into its sixth day, drawing global concern. U.S. President Donald Trump has issued veiled threats against Iran, suggesting possible military action. Reports indicate that the U.S. is targeting Iran’s Fordow nuclear facility and has ramped up military deployment in the Middle East. Iranian Supreme Leader Ayatollah Khamenei has refused to submit, warning of severe retaliation. Meanwhile, Russia has offered to mediate, and countries including China and India are on high alert. Iran and Israel continue mutual attacks, with significant damage reported on both sides.