TOPICS COVERED

കൊല്ലം പുനലൂരിൽ ആഡംബര വാഹനത്തിലെത്തി  പെട്രോൾ പമ്പിൽ നിന്നും  ഇന്ധനം നിറച്ച ശേഷം കടന്ന് കളഞ്ഞ തമിഴ് നാട് സ്വദേശികളെ പുനലൂർ പൊലീസ് പിടികൂടി. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ ചുടലൈകണ്ണൻ, ബന്ധു കണ്ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

തമിഴ്നാട് നാഗർകോവിൽ സ്വദേശി റൂബന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഫോർഡ് എൻഡവർ വാഹനത്തിൽ പ്രതികൾ പുനലൂർ ചെമ്മന്തൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ എത്തിയത്. മൂവായിരം രൂപയ്ക്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു.

വാഹനത്തിന് പിന്നാലെ ഇന്ധനം നിറച്ച പമ്പ് ജീവനക്കാരി ഷീബ ഓടിയെങ്കിലും അതിവേഗം പ്രതികൾ വാഹനവുമായി കടന്ന് കളഞ്ഞു.ഷീബ പമ്പ് മാനേജർ ബിനു ജോണിനോട് വിവരം അറിയിച്ചു. ബിനു പുനലൂർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹൈവേ പൊലീസ് വഴിയിൽ വെച്ച് വാഹനം തടയുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ വ്യാപാരികളാണെന്നും അതുമായി ബന്ധപ്പെട്ട് ചേർത്തലയിൽ എത്തിയ ശേഷം തമിഴ് നാട്ടിലേക്ക് തിരികെ പോകും വഴിയാണ് സംഭവം നടന്നതെന്നും പ്രതികൾ പറഞ്ഞു.

ENGLISH SUMMARY:

Punalur Police in Kollam arrested Tamil Nadu natives Chudalai Kannan and Kannan for stealing Rs 3,000 worth of diesel from a petrol pump. They fled after filling fuel in their luxury Ford Endeavor.