ആഡംബര വാഹനത്തിലെത്തി മൂവായിരം രൂപയ്ക്ക് ഡീസൽ അടിച്ചു, അടിച്ചു കഴിഞ്ഞ ഉടനെ വണ്ടിയെടുത്ത് പാഞ്ഞു, പൈസയ്ക്കായി പമ്പിലെ ജീവനക്കാരി പിന്നാലെ ഓട്ടം, വിവരം പൊലീസിനെ അറിയിക്കുന്നു, വഴിയില്‍ നിന്ന് തന്നെ തട്ടിപ്പുകാരെ കയ്യോടെ പൊക്കുന്നു. ഇന്നലെ കൊല്ലം പുനലൂരിലാണ് സംഭവം. ആഡംബര വാഹനത്തിലെത്തി പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം കടന്ന് കളഞ്ഞ തമിഴ് നാട് സ്വദേശികളെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ ചുടലൈകണ്ണൻ, ബന്ധു കണ്ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തമിഴ്നാട് നാഗർകോവിൽ സ്വദേശി റൂബന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഫോർഡ് എൻഡവർ വാഹനത്തിൽ പ്രതികൾ പുനലൂർ ചെമ്മന്തൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ എത്തിയത്. മൂവായിരം രൂപയ്ക്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു.
വാഹനത്തിന് പിന്നാലെ ഇന്ധനം നിറച്ച പമ്പ് ജീവനക്കാരി ഷീബ ഓടിയെങ്കിലും അതിവേഗം പ്രതികൾ വാഹനവുമായി കടന്ന് കളഞ്ഞു.ഷീബ പമ്പ് മാനേജർ ബിനു ജോണിനോട് വിവരം അറിയിച്ചു. ബിനു പുനലൂർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹൈവേ പൊലീസ് വഴിയിൽ വെച്ച് വാഹനം തടയുകയും പ്രതികളെ പിടികൂടുകയും ചെയ്തു.