കൊല്ലത്ത് സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി. കാറിന് കുറുകെയിട്ട വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു നഗരമധ്യത്തിലെ സിവിൽ സ്റ്റേഷനിലെ കയ്യാങ്കളി. ആർ.ടി ഓഫീസിൽ എത്തിയവരും അഭിഭാഷകരും തമ്മിലായിരുന്നു കയ്യാങ്കളി. വാഹനത്തിന്‍റെ ഫീസ് അടയ്ക്കാനാണ് കടയ്ക്കൽ സ്വദേശിനി ഷെമീന കൊല്ലം സിവിൽ സ്റ്റേഷനിൽ എത്തിയത്. ഷെമീന ഫീസ് അടയ്ക്കാനായി ആർ.ടി ഓഫീസിലേക്ക് പോയി. കാറിൽ ഡ്രെവർ സിദ്ദിഖ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കാറിന് മുന്നിൽ അഭിഭാഷകൻ സ്വന്തം കാർ നിർത്തിയ ശേഷം കോടതിയിലേക്ക് പോയി. ആർ.ടി ഓഫീസിലെ നടപടി ക്രമങ്ങൾക്ക് ശേഷം ഷെമീന തിരകെ എത്തിയപ്പോൾ കാർ പുറത്തേക്ക് എടുക്കാൻ സാധിച്ചില്ല. കുറച്ച് സമയത്തിന് ശേഷം അഭിഭാഷകൻ എത്തി കാർ മാറ്റുന്നതിനിടെ വാക്കു തർക്കമായി.ഇതു പിന്നീട് വലിയ കയ്യാങ്കളിയിലേക്ക് മാറി
അഭിഭാഷകർ കൂട്ടം ചേർന്ന് മർദിച്ചെന്നു കടയ്ക്കല്‍ സ്വദേശിനി ഷമീന. ഷെമീനയും സിദ്ദിഖും ചേർന്ന് തന്നെ മർദ്ദിച്ചെന്നാണ് അഭിഭാഷകൻ കൃഷ്ണകുമാറിന്‍റെ പരാതി. ഇരുവിഭാഗവും കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. വെസ്റ്റ് പോലീസ് പരാതിക്കാരുടെ മൊഴിയെടുത്തു.