പാലക്കാട് മണ്ണാർകാടിൽ യുവതി ഭർതൃ പിതാവിനെ വെട്ടി പരുക്കേൽപ്പിച്ചെന്ന് പരാതി. കണ്ടമംഗലം പുറ്റാനിക്കാട് മലയിൽ മുഹമദാലിക്കാണ് വെട്ടേറ്റത്. കുടുബങ്ങൾ തമ്മിലുള്ള സ്വത്തു തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തർക്കത്തിനിടെ മുഹമദാലിയുടെ മകന്റെ ഭാര്യ ഷബ്ന മടവാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചെന്നാണ് പരാതി. മുഹമ്മദാലിക്ക് തലക്കും കെയ്യിലും പരുക്കുണ്ട്.
മുഹമ്മദാലി താമസിക്കുന്ന തറവാട് വീടിൻ്റെ തൊട്ടടുത്ത് വാടക്കക്കാണ് ഷബ്‌ന താമസിക്കുന്നത്. ഉച്ചക്ക് ശബ്ന തറവാട് വീട്ടിൽ പോയി. മുഹമ്മദാലിയുമായി സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവുകയും മടവാളെടുത്ത് വെട്ടുകയുമായിരുന്നുവെന്നാണ് പരാതി. എന്നാൽ താൻ വെട്ടിയിട്ടില്ലെന്നും മുഹമ്മദാലി വാങ്ങിയ തന്റെ സ്വർണം തിരികെ ചോദിക്കാൻ പോയ തന്നെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഷബ്‌നയുടെ വാദം. പരുക്കേറ്റ മുഹമ്മദാലിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.