ഫ്ലാറ്റ് നിര്‍മാണത്തിന് ലക്ഷങ്ങള്‍ വാങ്ങി ഉപഭോക്താക്കളെ പറ്റിച്ച സാന്‍റോയല്‍ ബില്‍ഡേഴ്സ് പണം തിരിച്ച് ചോദിക്കുന്നവര്‍ക്ക് നല്‍കുന്ന മറുപടി ഭീഷണി. പൊലീസല്ല എവിടെ പരാതിപ്പെട്ടാലും പ്രശ്നമില്ലെന്നായിരുന്നു കമ്പനിയുടെ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ പ്രവീണ്‍, ചന്തവിള സ്വദേശി അരവിന്ദിനോട് പറഞ്ഞത്. അഞ്ച് ലക്ഷം രൂപയാണ് അരവിന്ദിന് നല്‍കാനുള്ളത്.
തിരുവനന്തപുരം മേനംകുളത്ത് സാന്‍റോയല്‍ ബില്‍ഡേഴ്സ് നിര്‍മിക്കുന്ന അഡോണിയ ഫ്ലാറ്റ് സമുച്ചയത്തില്‍ അപാര്‍ട്ട്മെന്‍റിന് അഡ്വാന്‍സ് നല്‍കി പറ്റിക്കപ്പെട്ടവരില്‍ ഒരാളാണ് ചന്തവിള സ്വദേശി അരവിന്ദ്. അഞ്ച് ലക്ഷം രൂപയാണ് അരവിന്ദ് നല്‍കിയത്. കരാറില്‍ പറഞ്ഞ തിയ്യതിക്ക് പണി പൂര്‍ത്തിയാകാതെ വന്നപ്പോള്‍ സാന്‍റോയലിന്‍റെ മാനേജിങ് ഡയറക്ടര്‍ സഞ്ജു ദാസ് തന്നെയാണ് ക്യാന്‍സലേഷന്‍ റിക്വസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടത്. നല്‍കിയ 5 ലക്ഷം മൂന്ന് മാസത്തിനകം തിരിച്ച് തരാമെന്നും എം.ഡി ഉറപ്പ് നല്‍കി.
ഒടുവില്‍ മുന്‍സിഫ് കോടതിയില്‍ പ്രൈവറ്റ് സ്യൂട്ട് ഫയല്‍ ചെയ്തു. മൂന്ന് തവണ കേസ് പരിഗണിച്ചപ്പോഴും സാന്‍റോയല്‍ അധികൃതര്‍ ഹാജരായില്ല. കഴക്കൂട്ടം പൊലീസില്‍ ക്രിമിനല്‍ കേസും ഫയല്‍ ചെയ്തു. റിയലെസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിലും നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് അരവിന്ദ്. ഇതുകൊണ്ടൊന്നും നല്‍കിയ പണം തിരികെ കിട്ടുമോയെന്ന ഉറപ്പ് അരവിന്ദിനില്ല. എങ്കിലും നിയമപോരാട്ടം തുടരാനുറച്ച് മുന്നോട്ട് പോവുകയാണ്.