മേഘാലയയിലെ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജാ രഘുവന്‍ഷിയുടെ അവസാനത്തേതെന്ന് കരുതുന്ന വിഡിയോ പുറത്ത്. ഭാര്യ സോനത്തിനൊപ്പം നോന്‍ഗ്രിയത്ത് ഗ്രാമത്തിലെ പ്രശസ്തമായ ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യൂട്യൂബര്‍ ദേവേന്ദര്‍ സിങ് പകര്‍ത്തിയ വിഡിയോ ആണിത്.
"ഞങ്ങൾ താഴേക്ക് പോകുമ്പോൾ ഏകദേശം രാവിലെ 9.45 ആയിരുന്നു. നോഗ്രിയത്ത് ഗ്രാമത്തിൽ രാത്രി താമസിച്ച ശേഷം അവര്‍ മുകളിലേക്ക് പോകുകയായിരുന്നു. ഇത് അവരുടെ അവസാന വിഡിയോ ആണെന്ന് ഞാൻ കരുതുന്നു, രാജയുടെ മൃതദേഹത്തിന് സമീപം കണ്ടെത്തിയ അതേ വെള്ള ഷർട്ട് തന്നെയാണ് സോനം ധരിച്ചിരുന്നത്,' വിഡിയോ പങ്കുവച്ചുകൊണ്ട് ദേവേന്ദര്‍ കുറിച്ചു.
മെയ് 23 ന് രാവിലെ 5.30 നും 6 നും ഇടയിൽ ഷിപ്ര ഹോംസ്റ്റേയിൽ നിന്ന് രാജയും സോനവും ചെക്ക് ഔട്ട് ചെയ്ത ശേഷമാണ് ട്രെക്കിങ്ങിനായി പോയത്. അന്നുതന്നെ രാജ കൊല്ലപ്പെടുകയായിരുന്നു. മേഘാലയിലെ ഹണിമൂണിനിടെയാണ് രാജ രഘുവന്‍ഷിയെ ഭാര്യ സോനം കാമുകനായ രാജ കുശ്വാഹയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മെയ് 23ന് കാണാതായ രാജയുടെ മൃതദേഹം ജൂണ്‍ രണ്ടിന് വീസവ്ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു മലയിടുക്കിൽ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനും സോനവും ചേര്‍ന്ന് നല്കിയ ക്വട്ടേഷനിലാണ് രാജ രഘുവന്‍ഷി കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്.