കോഴിക്കോട് താമരശേരിയിൽ സ്കൂൾ വിദ്യാർഥിക്ക് ബുള്ളറ്റ് വാടകയ്ക്ക് നൽകി പണം തട്ടുകയും, മർദ്ദിക്കുകയും ചെയ്തെന്ന് പരാതി. പൂക്കോട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയെയാണ് മർദ്ദിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
കളരാന്തിരി സ്വദേശി ജയ്സലിനെതിരെയാണ്, വിദ്യാർഥിക്ക് വാഹനം വാടകയ്ക്ക് നൽകി പണം തട്ടുകയും, മർദ്ദിക്കുകയും ചെയ്തുവെന്ന പരാതി. വിദ്യാർഥി ഇയാളിൽ നിന്ന് ബുള്ളറ്റ് വാടകയ്ക്കെടുത്തിരുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതോടെ പൊലീസ് പിടികൂടി. തുടർന്ന് പിഴയടയ്ക്കാനെന്ന് പറഞ്ഞ് ഇയാൾ ഇരുപതിനായിരം രൂപ വിദ്യാർഥിയിൽ നിന്ന് വാങ്ങി. ഇതിൽ 5000 രൂപയാണ് പിഴയായി അടച്ചത്. ബാക്കി തുക ജയ്സൽ കൈക്കലാക്കി.
കഴിഞ്ഞ ആറാം തീയ്യതിയും വിദ്യാർഥി ഇയാളിൽ നിന്ന് ബുള്ളറ്റ് വാടകയ്ക്കെടുത്തിരുന്നു. വാഹനം തിരികെ നൽകിയപ്പോർ ജയ്സൽ ബുള്ളറ്റിന്റെ തകരാറുപറഞ്ഞു വിദ്യാർഥിയെ മർദ്ദിക്കുകയും, നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു. പണം തട്ടിയ സംഭവത്തില്‍ ബാലുശ്ശേരി പൊലീസിലും, വിദ്യാർഥിയെ മർദ്ദിച്ച്, ഭീഷണിപ്പെടുത്തിയ സംഭവത്തിൽ താമരശ്ശേരി പൊലീസിലും പിതാവ് പരാതി നൽകി. കുട്ടികൾക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകി പണംതട്ടുന്ന സംഘമാണ് ഇതിനുപിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം