പത്തനംതിട്ട ഏനാത്ത് അസം സ്വദേശി ബ്രൗണ്‍ഷുഗര്‍ കേസില്‍ പിടിയിലായതില്‍ രണ്ടുപേരെക്കൂടി സംശയമുണ്ടെന്ന് സഹോദരന്‍. എക്സൈസ് എത്തും മുന്‍പ് വീട്ടിലെത്തിയ രണ്ട് യുവാക്കളാണ് കുളിമുറിയില്‍ സോപ്പുപെട്ടിയിലെ ബ്രൗണ്‍ഷുഗര്‍ വച്ചതെന്നാണ് ആരോപണം. പെണ്‍വാണിഭത്തിനായി തന്നെ കടത്തിക്കൊണ്ടുവന്നയാളാണ് യുവാവിനെ കേസില്‍ കുടുക്കിയതെന്നാണ് ഭാര്യയുടെ ആരോപണം.
കഴിഞ്ഞ ഏപ്രില്‍ മാസം ബ്രൗണ്‍ഷുഗര്‍ പിടിച്ച കേസുമായി ബന്ധപ്പെട്ടാണ് ആരോപണം. അസംസ്വദേശിയുടെ താമസസ്ഥലത്തെ കുളിമുറിയില്‍ സോപ്പുപെട്ടിയില്‍ സൂക്ഷിച്ച 56 ഗ്രാം ആണ് പിടിച്ചെടുത്തത്. എക്സൈസ് വരും മുമ്പ് രണ്ട് യുവാക്കള്‍ താമസ സ്ഥലത്ത് എത്തിയിരുന്നു എന്നും ഇവരാകാം ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ച സോപ്പുപെട്ടി വച്ചതെന്നുമാണ് സഹോദരന്‍ ആരോപിക്കുന്നത്. ആറ് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ പൊതു ശുചിമുറിയില്‍ ആയിരുന്നു സോപ്പുപെട്ടി. തങ്ങള്‍ ഇത്തരം സോപ്പുപെട്ടികള്‍ ഉപയോഗിക്കാറില്ല എന്നും സഹോദരന്‍ ആരോപിക്കുന്നു.
പെണ്‍വാണിഭത്തിനായി കടത്തിക്കൊണ്ടുവന്ന തന്നെ രക്ഷപെടുത്തി വിവാഹം കഴിച്ചത് അസംസ്വദേശിയാണെന്നും,ആ വിരോധത്തില്‍ യുവാവിനെ കള്ളക്കേസില്‍ കുടുക്കി എന്നുമാണ് ഭാര്യയുടെ പരാതി. ലൈംഗിക പീഡനവും മനുഷ്യക്കടത്തും ആരോപിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. ബ്രൗണ്‍ ഷുഗര്‍ കേസില്‍ അറസ്റ്റിലായ യുവാവും സഹോദരനും ആറ് വര്‍ഷത്തിലധികമായി ഏനാത്ത് പലതരം വ്യാപാരങ്ങള്‍ ചെയ്ത് ജീവിക്കുന്നവരാണ്.