ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാന ആക്രമിച്ചതാണെന്ന മൊഴിയിൽ ഉറച്ച് ഭർത്താവ് ബിനു. തന്നെയും കാട്ടാന പതിനഞ്ച് അടിയോളം ദൂരത്തേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞു. രണ്ടു തവണ സീതയെ കാട്ടാന ആക്രമിച്ചു. തന്നെ കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമിക്കുന്നുവെന്നും ബിനു പറഞ്ഞു.
സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തലയുടെ ഇടതുഭാഗത്തു പിടിച്ച് വലതുഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചു. തലയുടെ ഇടതുവശത്തും ക്ഷതമേറ്റിട്ടുണ്ട്. മരത്തിൽ ഇടിപ്പിച്ചതാകാനാണ് സാധ്യത. ഉയർന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണ പരുക്കുകളും ദേഹത്തുണ്ട്. പാറയിൽ തലയിടിച്ചാണ് വീണിട്ടുള്ളത്. ഇടതുവശത്തെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറിയിട്ടുണ്ട്. വലത് വശത്തെ ആറ് വാരിയെല്ലുകൾ ഒടിഞ്ഞു. ഒരെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറിയെന്നും പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു.