TOPICS COVERED

പത്തനംതിട്ടയില്‍ മനുഷ്യക്കടത്ത് സംഘം ഭര്‍ത്താവിനെ ബ്രൗണ്‍ഷുഗര്‍ കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് അസം സ്വദേശിനിയായ യുവതി. പെണ്‍വാണിഭത്തിനായി തന്നെ കടത്തിക്കൊണ്ടുവന്ന സംഘം ചില എക്സൈസ് ഉദ്യോഗ്ഥരുടെ സഹായത്തോടെ കുടുക്കി എന്നാണ് ആരോപണം.രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വിദ്വേഷമെന്നാണ് പൊലീസ് സംശയം.

കഴിഞ്ഞ ഏപ്രില്‍ മാസം പത്തനംതിട്ട ഏനാത്ത് ബ്രൗണ്‍ഷുഗര്‍ പിടിച്ച കേസുമായി ബന്ധപ്പെട്ടാണ് പരാതി.അസംസ്വദേശിയുടെ താമസസ്ഥലത്ത് നിന്ന് സോപ്പുപെട്ടിയില്‍ സൂക്ഷിച്ച56 ഗ്രാം ആണ് പിടിച്ചെടുത്തത്.ഇതാണ് ചതിയെന്ന് യുവതി പറയുന്നത്. 2021ല്‍ അടൂരില്‍ നിന്നുള്ള ഒരാള്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ അസമില്‍നിന്ന്  കേരളത്തില്‍ എത്തിച്ചു.രണ്ടുപേര്‍ അടൂരില്‍ എത്തിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ചെന്നും പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു.അസംസ്വദേശിയായ യുവാവാണ് രക്ഷപെടുത്തി അസമില്‍ എത്തിച്ച് തന്നെ വിവാഹം കഴിച്ചത്.കഴിഞ്ഞ വര്‍ഷം തിരികെ അടൂരില്‍ എത്തിയതോടെ പഴയസംഘം ഭര്‍ത്താവിനെ ചില എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുടുക്കി എന്നാണ് ആരോപണം.

അടൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് കൊട്ടാരക്കര പൊലീസിന് കൈമാറി.കൊല്ലം ജില്ലയിലെ കലയപുരത്ത് പീഡനം നടന്നു എന്നാണ് മൊഴി.ആസൂത്രിതമായി യുവാവിന്‍റെ വീട്ടിലെ കുളിമുറിയില്‍ പീഡനക്കേസ് പ്രതി ലഹരി ഒളിപ്പിച്ചു എന്നാണ് ആരോപണം. ലൈംഗിക പീഡനവും മനുഷ്യക്കടത്തും ആരോപിച്ച് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍,വനിത കമ്മിഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ബ്രൗണ്‍ഷുഗര്‍ കേസില്‍ യുവാവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്

ENGLISH SUMMARY:

A woman from Assam alleges she was trapped by a human trafficking ring with the help of some excise officials, who brought her to Kerala for prostitution. Police suspect the incident stems from a rivalry between two organized groups.