ഇരിങ്ങാലക്കുട വല്ലക്കുന്നിൽ പട്ടാപകൽ യുവതിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചു. ഇടറോഡിൽ വേഗത കുറഞ്ഞതോടെ കാറിൽ നിന്ന് യുവതി ചാടി രക്ഷപ്പെട്ടു. വണ്ടി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു പിന്നാലെ 50 കിലോമീറ്റർ വാഹനത്തെ പിൻതുടർന്ന്, എറണാകുളം ജില്ലയിൽ നിന്ന് കാറുടമയെ പിടികൂടി.
ഇരിങ്ങാലക്കുട വല്ലക്കുന്നിൽ വഴിയരികിലൂടെ നടന്ന് പോകുകയായിരുന്നു പത്തൊൻപതുകാരി. സമയം ഉച്ചക്കഴിഞ്ഞ് രണ്ടര . വഴിയരികിൽ സ്റ്റാർട്ട് ചെയ്തിട്ട കാറിലേക്ക് യുവതിയെ ബലംപ്രയോഗിച്ച് കയറ്റി. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഇടതുവശത്തെ ഡോർ തുറന്നു. പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിലേക്കിട്ടു. കാർ മുന്നോട്ട് പാഞ്ഞു. ഇടറോഡിൽ വേഗം കുറഞ്ഞപ്പോൾ യുവതി കാറിൽ നിന്ന് ചാടി. വീട്ടുകാരോട് കാര്യം പറഞ്ഞു.
അഞ്ചു മണിയോടെ വീട്ടുകാർ ആളൂർ സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ കാറിന്റെ നമ്പർ കിട്ടി. ഉടമയുടെ ഫോൺ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടു. ഫോണിന്റെ ലൊക്കേഷൻ എറണാകുളം ജില്ലയിൽ ആയിരുന്നു. ലൊക്കേഷൻ നോക്കി കാറുടമയെ പിടിച്ചു. ഇന്നലെ രാവിലെ ചെങ്ങമനാട് വഴിയാത്രക്കാരിയോട് ഇതേ യുവാവ് മോശമായി പെരുമാറിയിരുന്നു. ചെങ്ങമനാട് പൊലീസും കാർ ഉടമയെ വിളിപ്പിച്ചിരുന്നു. ഒല്ലൂർ സ്വദേശിയായ 31കാരൻ.
ചാക്കോ ജെ ആലപ്പാട്ട് ആയിരുന്നു യുവതിയെ പട്ടാപകൽ തട്ടിക്കൊണ്ടുപോയ പ്രതി. ശസ്ത്രക്രിയ ഉപകരണങ്ങളുടെ കച്ചവടക്കാരൻ . നാട്ടിൽ ഇതുവരെ ആർക്കും പരാതിയില്ല. ഭാര്യയും രണ്ടു മക്കളുണ്ട്. സമാനമായി സ്ത്രീകളോട് ഇതിനുമുമ്പ് പ്രതി പെരുമാറിയിട്ടുണ്ടാകാമെന്ന് പൊലീസും സംശയിക്കുന്നു. വിശദമായ അന്വേഷണം തുടരുകയാണ്.