കോഴിക്കോട് വടകര മുക്കാളിയില്‍ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും വാഹനവും കവര്‍ന്നു എന്ന പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂര്‍ പാറാല്‍ സ്വദേശി തെരേസ നൊവീന റാണി, തലശേരി ധര്‍മ്മടം സ്വദേശി അജിനാസ് എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപയും യുവാവ് സഞ്ചരിച്ച വാഹനവുമാണ് പ്രതികള്‍ തട്ടിയെടുത്തത്. 

ഇന്നലെ രാത്രി മുക്കാളി റെയില്‍വേ അടിപ്പാതയ്ക്ക് സമീപമുള്ള വീട്ടിലേക്ക് പ്രതികള്‍ യുവാവിനെ വിളിച്ച് വരുത്തുകയായിരുന്നു. കൂട്ടത്തിലുള്ള സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. കേസില്‍ അഞ്ച് പേര്‍കൂടി ഉള്‍പ്പെട്ടിടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.