തൃശൂർ കയ്പമംഗലത്ത് ഉടമസ്ഥനെ പറ്റിച്ച് ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി കടന്നുകളഞ്ഞ മുഖ്യ പ്രതിയെ പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി അഭിഷേകിനെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി പതിനെട്ടാം തിയ്യതി അഭിഷേക് കൈപ്പമംഗലത്തെ ജ്വല്ലറിയിൽ വന്ന് മാലയും, വളയും, മോതിരവും അടക്കം 8 പവന്റെ ആഭരണങ്ങൾ വാങ്ങി. പണം കടയുടമയുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി അയക്കുകയാണെന്നും ഉടമയുടെ അക്കൗണ്ടിൽ പണമെത്താൻ കുറച്ച് സമയമെടുക്കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവധിച്ചു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണമെത്താതായതോടെ ഉടമസ്ഥൻ കയ്പമംഗലം പോലിസിൽ പരാതി നൽകി.
സി.സി.ടി.വി ദൃശ്യങ്ങളും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. വേറൊരു തട്ടിപ്പ് കേസിൽ അറസ്റ്റിലായ അഭിഷേകിനെ കയ്പമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. ഈ കേസിലെ മറ്റൊരു പ്രതിയായ പേരാവൂർ സ്വദേശി അഷ്റഫിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
അഷ്റഫും അഭിഷേകും ഒന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകയ്ക്കെടുത്തത്. അഷ്റഫ് തട്ടിപ്പിനു മുമ്പ് കാർ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം അഭിഷേകിനെ പറഞ്ഞയച്ചു. പിന്നീട് ഇരുവരും കാറിൽ രക്ഷപ്പെട്ടു. കൈപ്പമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ENGLISH SUMMARY:
In a gold fraud case in Kaipamangalam, Thrissur, police arrested the main accused, Abhishek from Pappinisseri, Kannur, who duped a jewellery shop owner by falsely claiming he made an online transfer. On February 18, Abhishek purchased 8 sovereigns of gold ornaments, claiming a delay in the transaction reflecting in the owner's bank account. Trusting his words, the jeweller allowed him to leave with the gold. When no payment was received, a police complaint was filed. Investigation using CCTV and vehicle tracking led to the arrest of Abhishek, who was already in custody in another cheating case. His accomplice Ashraf from Peravoor was arrested earlier. The duo had rented a car and carefully planned the escape after hiding the vehicle in advance.