അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവന് പൊലിഞ്ഞ മലയാളി നഴ്സ് രഞ്ജിതയെ സാമൂഹ്യമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെ ഡ്യൂട്ടിക്കിടയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിയെ പിരിച്ചുവിടാന്‍ ജില്ലാ കലക്ടര്‍ സര്‍ക്കാരിന് ശുപാര്ശനല്കി.
രഞ്ജിതയുടെ വിയോഗത്തില്‍ ദുഖത്തിലാണ് കേരളമാകെ. അതിനിടയിലാണ് സുപ്രധാനപദവി വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഉത്തരവാദിത്തം മറന്ന് സാമൂഹ്യമാധ്യമത്തില്‍ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞത്. ജാതിപ്പേര് വിളിച്ചുള്ള വാക്കുകള്‍ റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍വന്നതോടെ അടിയന്തര നടപടിയെത്തി. ജില്ലാ കലക്ടര്‍ പവിത്രനെ സസ്പെന്‍ഡ് ചെയ്തു. പവിത്രന്റേത് ഹീനമായ പ്രവര്‍ത്തിയെന്ന് റവന്യൂമന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു. രഞ്ജിതയുടെ വീട്ടുകാരെ കാണാനെത്തിയ മന്ത്രി വീണാ ജോര്‍ജും പവിത്രനെതിരെ രംഗത്തുവന്നു
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എ പവിത്രനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ലൈംഗികമായി അധിക്ഷേപിച്ചെന്നും, സ്ത്വീത്വത്തെ അപമാനിച്ചെന്നും, ജാതിസ്പര്ധവളര്ത്താന് ശ്രമിച്ചെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. പ്രതി രാവിലെ ഡ്യൂട്ടിക്കെത്തിയത് മദ്യലഹരിയിലാണെന്ന് വൈദ്യപരിശോധനയില്‍ പൊലീസ് കണ്ടെത്തി.
അതിനിടെയാണ് പവിത്രനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നുള്ള കലക്ടറുടെ ശുപാര്‍ശ. നിരവധിതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടികളെടുത്തിട്ടും സര്‍ക്കാരിന് അപകീര്ത്തിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ. റവന്യൂമന്ത്രിയായിരിക്കെ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനെതിരെയും മോശം പരാമര്‍ശം നടത്തിയതിന് പവിത്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പവിത്രന്റെ അധിക്ഷേപ പോസ്റ്റിനെതിരെ കണ്ണ് മൂടിക്കെട്ടി വനിതാ ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.