എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ വിശദമായ സുരക്ഷാ പരിശോധന നടത്താൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകി. 787-8, 787-9 വിഭാഗത്തിലുള്ള എല്ലാ വിമാനങ്ങളിലും പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഇതിന് പുറമെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്ക് 10 കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനമായും ഇന്ധന സംവിധാന മോണിറ്ററുകൾ, ക്യാബിൻ എയർ കംപ്രസ്സറുകൾ, ഇലക്ട്രോണിക് എഞ്ചിൻ നിയന്ത്രണ സംവിധാനങ്ങൾ, ടേക്ക് ഓഫ് സംവിധാനങ്ങൾ എന്നിവയുടെയെല്ലാം പരിശോധന ഉൾപ്പെടുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വിമാനങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.
അതിനിടെ ദുരന്തത്തില്‍പ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിനു മുകളില്‍നിന്നാണ് കണ്ടെത്തിയത്. ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി. ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തി.
വിമാനദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കും. നിലവില്‍ സ്ഥിരീകരിച്ചത് 265 മരണം. പരുക്കേറ്റവരുടെ എണ്ണത്തിലും ആശയക്കുഴപ്പം തുടരുന്നു. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായുള്ള ഡിഎന്‍എ പരിശോധന പൂര്‍ത്തിയാകാന്‍ 72 മണിക്കൂര്‍ വരെ ആവശ്യമാണെന്ന് ആശുപത്രി അറിയിച്ചു.