കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്. സിസിടിവി ഇല്ലാത്ത സ്ഥലത്ത് വച്ച് സംഭവം നടന്നതും, പൊലീസിന് വിവരം ലഭിക്കാൻ ഒരു മണിക്കൂർ വൈകിയതിലുമാണ് ദുരൂഹത.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്കെത്തിയ എട്ട് ബാങ്ക് ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരുടെ ഫോൺ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തും. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണ്ണം ബാങ്കിലേക്ക് മാറ്റിവയ്ക്കാനെന്ന് വിശ്വസിപ്പിച്ച് കവർച്ച നടത്തിയത്. പന്തീരാങ്കാവ് സ്വദേശി അരവിന്ദന്റെ പക്കലിൽ നിന്നാണ് 40 ലക്ഷം രൂപ അടങ്ങിയ ബാഗുമായി ഷിബിൻ ലാൽ ബൈക്കിൽ കടന്നുകളയുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജതമായി തുടരുന്നു.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദിനും മറ്റു ജീവനക്കാർക്കും ഒപ്പമാണ് ഷിബിൻലാൽ പന്തീരങ്കാവിലെ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. 38 ലക്ഷത്തിന് പണയംവച്ച സ്വര്‍ണം സ്വകാര്യ ബാങ്കിലേക്ക് മാറ്റിവയ്ക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് ജീവനക്കാരെ ഇവിടെ എത്തിച്ചത്. സ്വര്‍ണം പണയമെടുക്കാനുള്ള 40 ലക്ഷം രൂപയുമായാണ് ബാങ്ക് ജീവനക്കാര്‍ എത്തിയത്. സ്വകാര്യ സ്ഥാപനത്തിനുമുന്നില്‍വച്ച് അരവന്ദന്‍റെ പക്കലുണ്ടായിരുന്ന പണമടങ്ങിയ ബാങ്ക് ഷിബിന്‍ലാല്‍ തട്ടിയെടുത്ത് ഒാടി. സമീപത്ത് മുന്‍കൂട്ടി തയ്യാറാക്കിവച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കടന്നു. ഇല്ലാത്ത സ്വര്‍ണത്തിന്‍റെ പേരില്‍ ആസൂത്രിതമായിട്ടായിരുന്നു കവര്‍ച്ച.
മറ്റു ബാങ്കുകളെയും ഇതേ ആവശ്യത്തിനായി ഷിബിന്‍ സമീപിച്ചെങ്കിലും സംശയംതോന്നിയതിനാല്‍ അവര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. മൂന്നുദിവസം മുന്‍പാണ് സ്വകാര്യബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഷിബിൻ ലാലിനു അക്കൗണ്ട് തുറന്നുനല്‍കിയത്.