ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നഷ്ടപ്പെട്ട ഫോണുകള്‍ പലകൈകള്‍ മറിഞ്ഞിട്ടും തിരിച്ചു പിടിച്ച് പമ്പ പൊലീസ്. കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ ഫോണ്‍ നഷ്ടപ്പെട്ടത് 230 പേര്‍ക്കാണ്. അതില്‍ 102 എണ്ണം കണ്ടെത്തി ഭക്തര്‍ക്ക് കൊറിയര്‍ വഴി അയച്ചുകൊടുത്തു.
മോഷ്ടിച്ച ഫോണില്‍ മറ്റൊരു സിം ഇട്ടാല്‍ ആ നിമിഷം അറിയിപ്പുകിട്ടുന്ന സംവിധാനം വഴിയാണ് വീണ്ടെടുക്കല്‍. പമ്പ പൊലീസ് സ്റ്റേഷനിലെ സൈബര്‍ ഹെല്‍പ് ഡെസ്കാണ് ഫോണ്‍ വേട്ടയ്ക്കിറങ്ങുന്നത്. ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി നല്‍കിയാല്‍ അപ്പോള്‍ തന്നെ സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്ററില്‍ (സിഇഐആര്‍) രേഖപ്പെടുത്തും. ഉടന്‍ ആ ഫോണ്‍ ബ്ലോക്കാവും. പരാതിക്കാരന്‍റെ ഒരു പകരം നമ്പരും രേഖപ്പെടുത്തും. പിന്നീട് ബ്ലോക്ക് ചെയ്ത ഫോണില്‍ മറ്റൊരു സിം ഇട്ടാല്‍ ആ നിമിഷം പൊലീസിനും പകരം നല്‍കിയ നമ്പരിലും സന്ദേശമെത്തും.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് മേഖലയിലാണ് കാണാതായ ഫോണുകളേറെയും എത്തിയത്. മോഷ്ടിച്ചവര്‍ കടയില്‍ വില്‍ക്കും. അവിടെ നിന്ന് മറ്റൊരാള്‍ വാങ്ങി സിം ഇടുമ്പോഴാണ് സന്ദേശം എത്തുന്നത്. ഉടന്‍ പൊലീസിലെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെ വിളി ചെല്ലും. അങ്ങനെ ബോധവല്‍ക്കരിച്ചാണ് 102 ഫോണുകള്‍ തിരികെ വാങ്ങിയത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഫോണ്‍ പോയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫോണുകള്‍ വീണ്ടെടുത്തിട്ടുള്ള കമ്പം,തേനി,കോയമ്പത്തൂര്‍ ഭാഗത്ത് അന്വേഷണം ശക്തമാക്കും. ഈ മേഖലയില്‍ നിന്നെത്തുന്ന കള്ളന്‍മാരാണ് ഫോണ്‍ കടത്തുന്നത് എന്നാണ് സംശയം.