65ല്‍ അധികം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ആളുള്‍പ്പെടെ നാലംഗ മോഷ്ടാക്കളുടെ സംഘം അറസ്റ്റില്‍. അന്തര്‍ സംസ്ഥാന മോഷ്ടാവ് അനന്തന്‍, സുഹൃത്തുക്കളായ രാം വിവേക് കൃഷ്ണ, അഭിന്‍ലാല്‍, ഋഷിന്‍ എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇവര്‍ പിടിയിലായതോടെ എട്ട് കവര്‍ച്ചാക്കേസുകള്‍ക്ക് കൂടി തുമ്പായി.
വാഹന മോഷണം, വീടുകളിലെയും, കടകളിലെയും കവര്‍ച്ച തുടങ്ങിയ കേസുകളിലാണ് നാലുപേരും പ്രതികളായിട്ടുള്ളത്. ഇതില്‍ അനന്തന്‍റെ പേരില്‍ മാത്രം അറുപത്തി അഞ്ചിലേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പാ കേസിലെ പ്രതിക്കായുള്ള അന്വേഷണത്തിലാണ് നാലുപേരും പോത്തന്‍കോട്ടെ രാം വിവേക് കൃഷ്ണന്‍റെ വീട്ടില്‍ നിന്നും പിടിയിലായത്.
കേരളത്തിന് അകത്തും പുറത്തുമായി നിരവധി കവര്‍ച്ചാക്കേസുകളില്‍ ഇവര്‍ പ്രതികളാണ്. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്താണ് കവര്‍ച്ച. ഇന്ധനം തീര്‍ന്നാല്‍ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ തുടര്‍ യാത്ര നടത്തി വീണ്ടും കവരുന്നതാണ് രീതി. കഴിഞ്ഞയാഴ്ച ആര്യനാട്ടെ മൊബൈല്‍ കടയിലുണ്ടായ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് സംഘം പൊലീസിനോട് സമ്മതിച്ചു.
തിരുവനന്തപുരത്ത് മാത്രം ഒരുമാസത്തിനിടെ സംഘം അഞ്ചിടങ്ങളില്‍ കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ കവര്‍ച്ചാക്കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കുമെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.