സര്‍ക്കാരിന്‍റെ അഭയ കേന്ദ്രത്തില്‍ 13കാരിക്ക് നേരെ ലൈംഗിക അതിക്രം. ചെന്നൈയിലെ തംബാരത്ത് പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലാണ് പെണ്‍കുട്ടിക്ക് സ്ഥാപനത്തിലെ ജീവനക്കാരനില്‍ നിന്ന് തന്നെ അതിക്രമം നേരിടേണ്ടി വന്നത്. ഏഴ് വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇയാളെ തിരിച്ചറിയുകയും ചെയ്തു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഒരാഴ്ച മുന്‍പാണ് അഭയകേന്ദ്രത്തിലെത്തിയത്. ഞയറാഴ്ചയാണ് അഭയകേന്ദ്രത്തിന്‍റെ പരിസരത്ത് വച്ച് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാലൊടിയുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികല്‍സക്കായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ചിറ്റ്ലപാക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ സ്ത്രീകളെയും കുട്ടികളെയും പാർപ്പിക്കുന്ന എല്ലാ സർക്കാർ, എൻജിഒ ഷെൽട്ടറുകളിലും വനിതാ ഗാർഡുകളെ നിയമിക്കുമെന്ന് സാമൂഹിക ക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി ഗീത ജീവൻ പറഞ്ഞു. 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാൻ വനിതാ ഗാർഡുകളിൽ ഒരാളെ രാത്രിയിൽ വീട്ടിൽ തന്നെ നിർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം സെക്യൂരിറ്റി ജീവനക്കാരന്‍ അച്ഛനെ പോലെയാണെന്നും പെണ്‍കുട്ടി പുതിയ ആളായതുകൊണ്ടാണോ പരാതി വന്നതെന്നും സംശയമുണ്ടെന്നും സ്ഥാപനത്തിലെ മറ്റ് അന്തേവാസികള്‍ പറഞ്ഞു.