പോക്സോ കേസുകളില്‍പ്പെട്ടവരുടെ മുഖം കാണിക്കാത്തതെന്ത്? കുട്ടികളെ ഉപദ്രവിച്ചവരോട് എന്തിനിത്ര അനുകമ്പ? പ്രതികളെ സംരക്ഷിക്കുകയാണോ മാധ്യമങ്ങള്‍? ന്യൂസ് ചാനലുകളോട് പതിവായി പലരും ചോദിക്കാറുള്ള ചോദ്യമാണിത്.
നിയമം പറയുന്നത്
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും 2012-ൽ നിലവിൽ വന്ന നിയമമാണ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് അഥവാ POCSO. കുട്ടികളുടെ കാര്യത്തില്‍ അങ്ങേയറ്റം കരുതല്‍ പുലര്‍ത്തുന്ന പോക്സോ കേസുകളിലെ നടപടിക്രമങ്ങൾ സാധാരണ ക്രിമിനൽ കേസുകളിൽ നിന്ന് വ്യത്യസ്തമാണ്. ഇരകളായ കുട്ടികളെ തിരിച്ചറിയാതിരിക്കാനാണ് പ്രതികളുടെ മുഖം മറച്ചുവയ്ക്കുന്നത്. ഇതിനുള്ള നിയമവ്യവസ്ഥകള്‍ ഇങ്ങനെയാണ്.
പോക്സോ നിയമത്തിലെ 23, 24(5) വകുപ്പുകള്‍ പ്രകാരം കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന, തിരിച്ചറിയാന്‍ ഇടയാക്കുന്ന ഒരു വിവരവും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളെ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തില്‍ കുട്ടികളുടെ പേര്, വിലാസം, ചിത്രം, സ്കൂൾ വിവരങ്ങൾ, വീട്, കുടുംബ പശ്ചാത്തലം, ബന്ധുക്കളുടെ വിവരങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. ഈ നിയമം ലംഘിക്കുന്ന മാധ്യമങ്ങളുടെ ചുമതലക്കാര്‍ക്ക് ഒരു വർഷംവരെ തടവോ പിഴയോ അല്ലെങ്കിൽ ഈ ശിക്ഷകള്‍ ഒന്നിച്ചോ ലഭിക്കാം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228(1) വകുപ്പ് പ്രകാരം ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിയുന്ന ഒരുവിവരവും പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാൻ പാടില്ല
എന്തിന് പ്രതികളുടെ മുഖം മറയ്ക്കുന്നു?
ഇരയുടെ സ്വകാര്യതയും സംരക്ഷണവുമാണ് പോക്സോ നിയമത്തിന്‍റെ പ്രധാന ലക്ഷ്യം. പ്രതികളുടെ മുഖം വെളിപ്പെടുത്തുമ്പോൾ, പരോക്ഷമായി അത് ഇരയായ കുട്ടിയെ തിരിച്ചറിയുന്നതിലേക്ക് നയിച്ചേക്കാം. പോക്സോ കേസുകളില്‍ പലതിലും കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ അയല്‍വാസികളോ അധ്യാപകരോ ഒക്കെ പ്രതികളായിട്ടുണ്ട്. പ്രതിയുടെ മുഖം വെളിപ്പെടുത്തിയാല്‍ ഇരയായ കുട്ടിയെ എളുപ്പത്തിൽ തിരിച്ചറിയാൻ ആ പ്രദേശത്തെ ആളുകൾക്ക് സാധിക്കും. ഇത് കുട്ടിയെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും മാനസികമായി തളർത്താനും ഇടയാക്കും.
ഇനി പ്രതിയാക്കപ്പെട്ട ഒരാളുടെ ചിത്രം പുറത്തുവന്നുവെന്ന് കരുതുക. അയാള്‍ പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞാലും സമൂഹത്തില്‍ ജീവിക്കുക എളുപ്പമാവില്ല. നിയമം വഴി സ്ഥാപിതമായ നടപടിക്രമം അനുസരിച്ചല്ലാതെ ഒരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ പാടില്ല എന്ന ഭരണഘടനയിലെ അനുച്ഛേദം 21 ന്‍റെ ലംഘനമായി ഇത് മാറും. അതുകൊണ്ടാണ് അന്വേഷണ പുരോഗതി, നിയമനടപടികൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ പോലും മാധ്യമങ്ങൾ അതീവശ്രദ്ധ പുലർത്തുന്നത്. അല്ലാതെ പ്രതികളെ സംരക്ഷിക്കാനല്ല.
യൂട്യൂബ് കമ്യൂണിറ്റ് ഗൈഡ്ലൈന്‍സ്
യൂട്യൂബും ഇത്തരം കാര്യങ്ങളില്‍ വളരെ സ്ട്രിക്റ്റാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതോ ദുരുപയോഗം ചെയ്യുന്നതോ ആയ ഉള്ളടക്കങ്ങളെ യൂട്യൂബ് കർശനമായി വിലക്കും. ഇത്തരം ഉള്ളടക്കങ്ങളെല്ലാം യൂട്യൂബിന്റെ നയങ്ങൾക്ക് വിരുദ്ധമാണ്. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ അഥവാ CSAM പോളിസി പ്രകാരം ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്തിയാൽ ഉടൻ നീക്കം ചെയ്യുകയും നിയമ നിർവ്വഹണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. ഉദാഹരണത്തിന് പ്രതിയുടെ മുഖം വ്യക്തമായി കാണിക്കുകയും അത് ഇരയായ കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്താൽ യൂട്യൂബ് അത് നീക്കം ചെയ്തേക്കും.
അതുകൊണ്ടുതന്നെ POCSO പ്രതികളുടെ മുഖം മാധ്യമങ്ങളില്‍ വരാത്തത് നിയമപരമായ ബാധ്യതയും കുട്ടികളുടെ ഭാവിജീവിതത്തിനുള്ള സംരക്ഷണവും മുൻനിർത്തിയാണ്. അതുകൊണ്ട് മാധ്യമങ്ങളെ തെറിവിളിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ഓര്‍ക്കുക.