പത്തുപേരെ വിവാഹം കഴിച്ച് പറ്റിച്ച ശേഷം പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കുടുങ്ങിയ കാഞ്ഞിരമറ്റംകാരി രേഷ്മ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മുന്നില്‍ കണ്ണീര്‍ ചാലിച്ച കഥയാണ് അവതരിപ്പിച്ചത്. കേട്ടവരെല്ലാം ആ കഥയില്‍ വീണു. ഒടുവില്‍ തിരുവനന്തപുരത്തെ പഞ്ചായത്തംഗമാണ് രേഷ്മയുടെ കള്ളക്കഥ പൊളിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്നേഹം തേടിയാണെന്നാണ് രേഷ്മ പറയുന്നത്.
ഓണ്‍ലൈന്‍ മാട്രിമണി സൈറ്റുകളില്‍ നിന്നാണ് രേഷ്മ ഇരകളെ കണ്ടെത്തിയിരുന്നത്. ഇത്തരത്തിലാണ് പഞ്ചായത്തംഗത്തെയും രേഷ്മ വലയിലാക്കയത്. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചതിന് പിന്നാലെ മേയ് 29ന് 'അമ്മ' പഞ്ചായത്തംഗത്തിന്‍റെ ഫോണിലേക്ക് വിളിച്ചു. പിന്നാലെ രേഷ്മയും യുവാവുമായി സംസാരം തുടങ്ങി. സംസാരം സൗഹൃദത്തിലേക്കും അടുപ്പത്തിലേക്കും വഴിമാറി. തുടര്‍ന്ന് കോട്ടയത്ത് വച്ച് ഇരുവരും കൂടിക്കണ്ടു. ഈ കൂടിക്കാഴ്ചയാണ് രേഷ്മയുടെ കഥ പൊളിയാന്‍ കാരണമായത്. അമ്മ തന്നെ ദത്തെടുത്ത് വളര്‍ത്തുന്നതാണെന്നും ഈ കല്യാണത്തിന് അമ്മയ്ക്കിഷ്ടമല്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. രേഷ്മയുടെ കഥയില്‍ വീണ യുവാവ് എങ്കില്‍ തിരുവനന്തപുരത്തേക്ക് പോരൂ, കല്യാണം വച്ചു താമസിപ്പിക്കണ്ട എന്നായി. അങ്ങനെ വെമ്പായത്ത് സുഹൃത്തിന്‍റെ വീട്ടില്‍ രേഷ്മയെ എത്തിച്ച് യുവാവ് താമസിപ്പിച്ചു.
എന്നാൽ വിവാഹ ദിവസം കുളിമുറിയിൽ കുളിക്കാൻ പോയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരം അഴിക്കുള്ളിലാക്കി. കുളിക്ക് ശേഷം ബ്യൂട്ടി പാർലറിൽ പോകണം എന്നു പറഞ്ഞു രേഷ്മ ബ്യൂട്ടി പാർലറിൽ പോകുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതിശ്രുത വരൻ്റെ സുഹൃത്തായ വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതായി കണ്ടെത്തിയില്ല. തുടർന്ന് സംശയം തോന്നി രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോൾ പഴയ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്തി. തുടർന്ന് പോലീസിനെ അറിയിച്ചു. തുടർന്ന് തന്ത്രപൂർവ്വം പൊലീസ് പിടികൂടുകയായിരുന്നു.