പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന യുവതിയെ ഐസിയുവിലിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നഴ്സിനും ആശുപത്രി ജീവനക്കാരനുമെതിരെ പരാതി. രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം. ഇഎസ്ഐസി മെഡിക്കല്‍ കോളജില്‍ ട്യൂബക്ടമി ശസ്ത്രക്രിയയ്ക്കായെത്തിയ 32കാരിയാണ് പരാതിക്കാരി. സംഭവത്തില്‍ ആശുപത്രിതല അന്വേഷണത്തിനും ഉത്തരവിട്ടു. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ രണ്ടിനാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ട്യൂബക്ടമി ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇവരെ ഐസിയുവിലേക്ക് മാറ്റി. രാത്രി 11 മണിയോടെ യുവതിയുടെ ഭര്‍ത്താവിനോട് ഐസിയു പരിസരത്ത് നിന്നും മാറി നില്ക്കാന് ആവശ്യപ്പെട്ടു. പിന്നാലെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയില്‍ ആശുപത്രി ജീവനക്കാരനും പുരുഷ നഴ്സും കൂടി എത്തി യുവതിയെ മയക്കിക്കിടത്തിയ ശേഷം ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. പീഡനത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച്, യുവതിക്ക് വേദനയുണ്ടെന്നും നേരെ ഇരിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതിയെ ഭര്‍ത്താവ് കിടക്കയില്‍ നേെര കിടത്തി. പിന്നാലെ വീണ്ടും ഇയാളെ ഐസിയുവിന്റെ മുന്നില്‍ നിന്നും മാറ്റിയിരുത്തി.
ജൂണ്‍ അഞ്ചിനാണ് യുവതി ബോധം വീണ്ടെടുത്തത്. താന്‍ പീഡിപ്പിക്കപ്പെട്ടതായും ക്രൂരമായി നഴ്സും ആശുപത്രി ജീവനക്കാരനും ഉപദ്രവിച്ചതായും യുവതി ഭര്‍ത്താവിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ഡ്യൂട്ടി ഡോക്ടറിനെയും വിവരമറിയിച്ചു. ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതിയായ സുഭാഷ് ഘിതാല (30) കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിനും ബലാല്‍സംഗത്തിനും കേസെടുത്തു.