തനിക്കൊപ്പം വന്ന പെണ്‍കുട്ടിയെ പൊന്നുപോലെ നോക്കണം. ഒന്നിച്ച് ജീവിക്കണം. ഈ ആഗ്രഹം ഇരുപത്തിയൊന്നുകാരനെ കൊണ്ടുചെന്നെത്തിച്ചത് മോഷണത്തിലേക്ക്. ഒരുമാസമായിട്ടേയുള്ളൂ കാമുകിക്കൊപ്പമുള്ള ജീവിതം തുടങ്ങിയിട്ട്. ഇതിനിടെ പത്ത് ദിവസംകൊണ്ട് അനന്തകൃഷ്ണന്‍ എന്ന യുവാവ് പ്രതിയായത് നാല് വാഹനമോഷണക്കേസുകളില്‍.
പത്തനംതിട്ടയിൽ കുരിശടിയുടെ കണ്ണാടി തകർത്ത സംഭവത്തിലാണ് അനന്തകൃഷ്ണന്‍ പൊലീസ് പിടിയിലായത്. പിടിക്കപ്പെട്ടപ്പോള്‍ ഇയാള്‍ക്കൊപ്പം മലപ്പുറത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയും കണ്ടെത്തി. ഒപ്പം പത്തനംതിട്ടയിലെ രണ്ടു ബൈക്ക് മോഷണം കൂടി തെളിഞ്ഞു. 30ന് രാത്രിയാണ് വാഴമുട്ടം സെന്‍റ് ബഹനാന്‍സ് പളളി കുരിശടിയുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടത്. സിസിടിവിയിൽ പതിഞ്ഞ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എത്തിനിന്നത് വള്ളിക്കോട്. സിസിടിവിയില്‍ കണ്ടതിനു സമാനമായ ഓട്ടോറിക്ഷ വള്ളിക്കോട് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുരിശടിയുടെ ചില്ലു തകർത്തത് താനാണെന്ന് അനന്തകൃഷ്ണന്‍ സമ്മതിച്ചു. കവർച്ചയായിരുന്നു ലക്ഷ്യമെങ്കിലും നടന്നില്ല.
മോഷണ കാരണവും പ്രതി പൊലീസിനോട് പറഞ്ഞു. കാമുകിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നിരിക്കുകയാണ്. 18 വയസ്സുകാരിക്കൊപ്പം വാഴമുട്ടത്തിന് സമീപം വാടകയ്ക്ക് കഴിയുകയാണ്. ചെലവിനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയത്. അനന്തകൃഷ്ണനെ ചോദ്യം ചെയ്തപ്പോള്‍ പത്തനംതിട്ടയിലെ രണ്ടു ബൈക്ക് മോഷണങ്ങൾ കൂടി തെളിഞ്ഞു. ഉപയോഗിച്ച ഓട്ടോറിക്ഷ കുറ്റിപ്പുറത്തുനിന്ന് മോഷ്ടിച്ചതാണെന്നും പ്രതി സമ്മതിച്ചു.
28ന് രാത്രിയാണ് മലപ്പുറം കുറ്റിപ്പുറത്തുനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചത്. ഇതുമായി പെരുമ്പാവൂരിലെ പെട്രോൾ പമ്പിൽ നിന്ന് 700 രൂപയുടെ പെട്രോൾ അടിച്ച ശേഷം പണം കൊടുക്കാതെ മുങ്ങി. പമ്പുടമയുടെ പരാതി പ്രകാരം ഓട്ടോറിക്ഷ ഉടമയെ ബന്ധപ്പെട്ടപ്പോൾ മോഷണ വിവരം മനസ്സിലായി. അന്വേഷണം നടക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ കണ്ടെത്തിയ വിവരം പത്തനംതിട്ട പൊലീസ് അറിയിക്കുന്നത്. മുന്‍പ് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ആളാണ് അനന്തകൃഷ്ണന്‍. വാഹനങ്ങളുടെ പൂട്ട് പൊളിച്ച്- വയറുകള്‍ കൂട്ടിയോജിപ്പിച്ചാണ് വാഹനം സ്റ്റാര്‍ട്ടാക്കി മുങ്ങുന്നത്.