കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി കെ.എസ്.യു സംസ്ഥാന നേതാക്കൾ പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ മലക്കംമറിച്ചിൽ. തെറ്റിധാരണ മൂലമാണ് പരാതി നൽകിയതെന്ന വാദവുമായി സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക്ക് ബൈജു രംഗത്ത് എത്തി. ആരോപണ വിധേയർക്കൊപ്പമെത്തി വാർത്താസമ്മേളനം നടത്തിയ ആഷിക് ബൈജു മറ്റൊരു ജില്ലാഭാരവാഹിയാണ് തട്ടിപ്പിന് പിന്നിലെന്നും പറഞ്ഞു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയായിരുന്നു ആഷിക് ബൈജുവിന്‍റെ പരാതി. ഒരു സ്ത്രീ തനിക്കെതിരെ ബലാത്സംഗ കുറ്റം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം. കോടതിയുടെ നിർദേശപ്രകാരം മൂന്നുപ്പേർക്കെതിരേയും കേസെടുത്തതോടെ സംഭവം വിവാദമായി. തുടർന്ന് നേതാക്കൾ ഇടപ്പെട്ട് നടത്തിയ ചർച്ചയിലാണ് സത്യാവസ്ഥ മനസിലായതെന്നാണ് ആഷിക്ക് ബൈജുവിന്‍റെ പുതിയ വിശദീകരണം. കൊല്ലം ജില്ലാകമ്മറ്റി ഭാരവാഹി സ്ത്രിയെ ഉപയോഗിച്ച് ഓഡിയോ ക്ലിപ്പ് തയാറാക്കിയെന്നും ആരോപണമുണ്ട്.
രേഖകൾ സഹിതം പോലീസിനെ സമീപിക്കാനും ആദ്യം നൽകിയ കേസ് പിൻവലിക്കാൻ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരസ്പരം നടത്തിയ ചർച്ചയിലാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും ആരോപണ വിധേയരും പറഞ്ഞു. ആരോപണവിധേയരും പരാതിക്കാരും ഒരുമിച്ചെത്തിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കൊല്ലത്ത് കഴിഞ്ഞ കുറച്ചുനാളുകളായി കെ.എസ്.യുവിൽ ശക്തമായ വിഭാഗീയതയും ഗ്രൂപ്പ് പ്രവർത്തനങ്ങളും നിലനിൽക്കുന്നുണ്ട്. കെ.എസ്.യുവിലെ ഗ്രൂപ്പ് വൈര്യമാണ് കേസിലേക്ക് വരെ എത്തിയതെന്ന സൂചന നേരത്തെയുണ്ടായിരുന്നു.