ഒരു കോടി വില വരുന്ന കഞ്ചാവുമായി മലയാളികൾ തമിഴ്നാട്ടിലെ റാണിപ്പെട്ടിൽ പിടിയിൽ. ട്രെയിനിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവുമായി രണ്ടു പേരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം റാണിപേട്ട് പോലീസിന് ലഭിച്ചു. ഇതേ തുടർന്ന് രഹസ്യമായി പോലീസ് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.
റാണിപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. സംശയാസ്പദമായ പൊതികളുമായി ട്രെയിനിൽ നിന്ന് ഇറങ്ങുകയായിരുന്ന യുവാക്കളെ അവർ പിടികൂടി ചോദ്യം ചെയ്തു. കയ്യിൽ കഞ്ചാവാണെന്ന് യുവാക്കൾ സമ്മതിച്ചു. ആലപ്പുഴ സ്വദേശി ദേവൻ (29), മലപ്പുറം സ്വദേശി സുനിൽ കുമാർ (22) എന്നിവരാണ് പിടിയിലായത്. അവരിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 100 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞ 5 മാസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം 619 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 71 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.